മൺട്രിയോൾ: ലേക്ഷോർ ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഓപ്പറേഷൻ തിയേറ്റർ വിഭാഗത്തിന്റെ മേൽക്കൂര തകരുകയും വലിയ തോതിൽ വെള്ളം താഴേക്ക് പതിക്കുകയും ചെയ്തു. കടുത്ത തണുപ്പ് കാരണം ഹീറ്റിങ് കോയിലുകൾ മരവിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
വെള്ളപ്പൊക്കത്തെത്തുടർന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്ന പത്തോളം ശസ്ത്രക്രിയകൾ മാറ്റിവെച്ചു. നിലവിൽ ആറ് ഓപ്പറേഷൻ തിയേറ്ററുകളിൽ രണ്ടെണ്ണം താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. അപകടത്തെത്തുടർന്ന് ഒരു ഔട്ട്പേഷ്യന്റ് മുറിയും മുൻകരുതൽ എന്ന നിലയിൽ പൂട്ടി. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ മുടക്കമില്ലാതെ തുടരുന്നുണ്ടെന്നും മാറ്റിവെച്ച ശസ്ത്രക്രിയകൾ എത്രയും വേഗം പുനഃക്രമീകരിക്കുമെന്നും ആശുപത്രി കമ്മ്യൂണിക്കേഷൻ അധികൃതർ അറിയിച്ചു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് സമീപത്തെ സെന്റ് മേരീസ്, ലസല്ലെ ആശുപത്രികളുമായി സഹകരിച്ച് പ്രത്യേക സർവീസ് കോറിഡോർ സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിലെ ഈർപ്പത്തിന്റെ അളവ് പരിശോധിക്കാനും സാങ്കേതിക തകരാറുകൾ വിലയിരുത്താനുമായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും പരിശോധനാ ഫലങ്ങൾ വന്നതിനുശേഷം മാത്രമേ ഓപ്പറേഷൻ തിയേറ്ററുകൾ പൂർണ്ണമായി പ്രവർത്തനസജ്ജമാകൂ എന്നും അധികൃതർ വ്യക്തമാക്കി.
