ഓട്ടവ: കാനഡയിലെ പൊതുലൈബ്രറികളിൽ മയക്കുമരുന്ന് ഉപയോഗവും അമിതലഹരി മൂലമുള്ള മരണങ്ങളും വർധിക്കുന്നതായി റിപ്പോർട്ട്.. ഒന്റാരിയോയിലെ ഹാമിൽട്ടൺ സെൻട്രൽ ലൈബ്രറിയിൽ കഴിഞ്ഞ ഡിസംബർ മുതൽ 105 തവണയാണ് പാരാമെഡിക്സ് സംഘത്തിന് എത്തേണ്ടി വന്നത്. 44 തവണ സുരക്ഷാ ജീവനക്കാർക്ക് ആളുകളുടെ ജീവൻ രക്ഷിക്കാൻ നാലോക്സോൺ നൽകേണ്ടി വന്നുവെന്ന് പാരാമെഡിക്സ് സംഘം അറിയിച്ചു. ലൈബ്രറി പരിസരത്തും ശുചിമുറികളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നത് പതിവായതോടെ സുരക്ഷാ ഭീഷണി മുൻനിർത്തി ലൈബ്രറി താൽക്കാലികമായി അടച്ചിടാൻ സിഇഒ ശുപാർശ ചെയ്തെങ്കിലും ബോർഡ് അത് നിരസിച്ചു.
ലൈബ്രറികൾ മയക്കുമരുന്ന് ഉപയോഗ കേന്ദ്രങ്ങളായി മാറുന്നത് രാജ്യം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണെന്ന് തൊഴിലാളി യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. മറ്റ് അഭയകേന്ദ്രങ്ങളോ സുരക്ഷിതമായ മയക്കുമരുന്ന് കുത്തിവെപ്പ് കേന്ദ്രങ്ങളോ ഇല്ലാത്തതിനാൽ, മനോരോഗവും ലഹരി ഉപയോഗിക്കുന്ന ആളുകളും ലൈബ്രറികളെ ആശ്രയിക്കുകയാണ്. സാസ്കറ്റൂൺ, തണ്ടർ ബേ തുടങ്ങിയ നഗരങ്ങളിലും സമാനമായ സുരക്ഷാ പ്രശ്നങ്ങൾ കാരണം ലൈബ്രറികൾ താൽക്കാലികമായി അടച്ചിടേണ്ടി വന്നിട്ടുണ്ട്. തങ്ങൾ ആരോഗ്യ പ്രവർത്തകരോ സുരക്ഷാ ഉദ്യോഗസ്ഥരോ അല്ലെന്നും വായനക്കാരെ സഹായിക്കേണ്ടവരാണെന്നും ലൈബ്രറി ജീവനക്കാർ പറയുന്നു.

ഈ പ്രതിസന്ധിക്ക് കാരണം സർക്കാർ പത്ത് സുരക്ഷിത കുത്തിവെപ്പ് കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതാണെന്ന് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു. പകരം ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് സർക്കാരിന്റെ നീക്കമെങ്കിലും ലൈബ്രറികൾ നേരിടുന്ന ഭാരം കുറഞ്ഞിട്ടില്ല. ഭവനരഹിതർക്കും ലഹരിക്ക് അടിമപ്പെട്ടവർക്കും മതിയായ മറ്റ് സൗകര്യങ്ങൾ ലഭിക്കാത്തതാണ് ലൈബ്രറികളെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്. വായനശാലകളുടെ അന്തരീക്ഷം നിലനിർത്തുന്നതിനൊപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന സുരക്ഷിതമായ ഇടം എങ്ങനെ ഒരുക്കാം എന്ന വെല്ലുവിളിയിലാണ് കനേഡിയൻ അധികൃതർ.
