വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിൽ എട്ട് പേരുടെ കൊലപാതകത്തിന് കാരണമായ വെടിവെപ്പിന് പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐയുടെ (OpenAI) കടുത്ത വീഴ്ചയുണ്ടായതായി പ്രീമിയർ ഡേവിഡ് എബി. പ്രതി ജെസ്സി വാൻ റൂട്ട്സെലാർ തന്റെ പദ്ധതികൾക്കായി ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്ന വിവരം കമ്പനി വെളിപ്പെടുത്തിയതിനെ അദ്ദേഹം അംഗീകരിച്ചു. എന്നാൽ, ഈ വിവരങ്ങൾ കൊലപാതകത്തിന് മുൻപ് പൊലീസിനെ അറിയിക്കാതിരുന്നത് തിരുത്താനാവാത്ത വലിയ പിഴവാണെന്ന് അദ്ദേഹം വിമർശിച്ചു.
18 വയസ്സുകാരിയായ വാൻ റൂട്ട്സെലാർ കഴിഞ്ഞ വർഷം തന്നെ അക്രമം ആസൂത്രണം ചെയ്യാൻ ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നു. അപകടകരമായ കാര്യങ്ങൾ തിരഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ കമ്പനി ഇവരുടെ അക്കൗണ്ട് റദ്ദാക്കിയെങ്കിലും വിവരം അധികൃതരെ അറിയിച്ചില്ല. മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് വാൻ റൂട്ട്സെലാർ ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് തുടർന്നു. ഫെബ്രുവരി 10-നായിരുന്നു എട്ടുപേരെ വെടിവെച്ചുകൊന്ന ശേഷം ഇവർ ആത്മഹത്യ ചെയ്തത്.

എഐ (AI) കമ്പനികൾക്ക് കാനഡയിൽ കൃത്യമായ റിപ്പോർട്ടിങ് മാനദണ്ഡങ്ങൾ വേണമെന്ന് ഡേവിഡ് എബി ആവശ്യപ്പെട്ടു. ആരെങ്കിലും അക്രമങ്ങൾ ആസൂത്രണം ചെയ്യാൻ എഐ ടൂളുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത് ഉടൻ തന്നെ പൊലീസിനെ അറിയിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം കമ്പനികൾക്കുണ്ടാകണം. ഇക്കാര്യത്തിൽ ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
