ഓട്ടവ: ദേശീയ സുരക്ഷയിൽ കാനഡയിലെ തദ്ദേശീയ ജനതയ്ക്ക് നിർണ്ണായക പങ്കുണ്ടെന്ന് ഗവർണർ ജനറൽ മേരി സൈമൺ. ആർട്ടിക് മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ തദ്ദേശീയ സമൂഹങ്ങൾ വലിയ സംഭാവനയാണ് നൽകുന്നതെന്ന് ഓട്ടവയിൽ നടന്ന നാഷണൽ ഇൻഡിജിനസ് ഡിഫൻസ് കോൺഫറൻസിൽ അവർ വ്യക്തമാക്കി. ഭൂപ്രകൃതിയെക്കുറിച്ചുള്ള അവരുടെ ആഴത്തിലുള്ള അറിവും പാരമ്പര്യ രീതികളും കാനഡയ്ക്ക് തന്ത്രപരമായ നേട്ടം നൽകുന്നവയാണെന്നും അത് അവഗണിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വടക്കൻ കാനഡയിലെ കനേഡിയൻ റേഞ്ചേഴ്സ് നടത്തുന്ന നിരീക്ഷണ പട്രോളിങും രക്ഷാപ്രവർത്തനങ്ങളും സായുധ സേനയ്ക്ക് വലിയ രീതിയിൽ സഹായകരമാകുന്നുണ്ട്. അതിശൈത്യത്തെ അതിജീവിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സൈന്യത്തിന് വിലപ്പെട്ട ഉപദേശങ്ങൾ നൽകുന്നതും ഇവരാണ്. തദ്ദേശീയരും അല്ലാത്തവരുമായ ജനവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസമാണ് ദേശീയ സുരക്ഷയുടെയും ഐക്യത്തിന്റെയും അടിത്തറയെന്നും മേരി സൈമൺ പറഞ്ഞു.

ദേശീയ പ്രതിരോധ വകുപ്പ്, റോയൽ കനേഡിയൻ നേവി എന്നിവയുടെ പ്രതിനിധികളും വ്യാവസായിക രംഗത്തെ പ്രമുഖരും ഏകദിന സമ്മേളനത്തിൽ പങ്കെടുത്തു. ദേശീയ സുരക്ഷാ മേഖലയിൽ തദ്ദേശീയ ജനതയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും, ഗവൺമെന്റും വ്യവസായ മേഖലയും ഈ സമൂഹങ്ങളുമായി സഹകരിച്ച് അവരുടെ ശേഷി വർദ്ധിപ്പിക്കണമെന്നും സമ്മേളനത്തിന്റെ സംഘാടകനായ കാഡ്‌മസ് ഡെലോം പറഞ്ഞു.
