ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ഡല്‍ഹിയിലേക്ക് തിരിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരാണ് ഹൈക്കമാന്‍ഡുമായും സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയുടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ആദ്യഘട്ടത്തില്‍ 35 മുതല്‍ 40 വരെ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ പട്ടിക വേഗത്തില്‍ തയ്യാറാക്കി പ്രചാരണത്തില്‍ മുന്നിലെത്താനാണ് പാര്‍ട്ടി നീക്കം.
അതേസമയം, വി ഡി സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഇന്ന് കൊല്ലം ജില്ലയില്‍ പര്യടനം തുടരും. രാവിലെ പത്തനാപുരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകും. യാതയുടെ സമാപനം തിങ്കളാഴ്ച വൈകിട്ട് കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് നടക്കും. കണ്ണൂരില്‍ ആരോഗ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന് പിന്നാലെ കൊല്ലത്ത് യാത്രയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ പൊലീസിനോട് കടുത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രമുഖരുമായി പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

മറുഭാഗത്ത്, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരുകയാണ്. ജില്ലാ ഘടകങ്ങള്‍ സമര്‍പ്പിച്ച പ്രാഥമിക പട്ടിക യോഗം വിശദമായി പരിശോധിക്കും. വിജയസാധ്യത മാത്രം മാനദണ്ഡമാക്കി പട്ടിക പുതുക്കുന്നതിനൊപ്പം, രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ചും യോഗത്തില്‍ ധാരണയാകും. കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളും സീറ്റ് വച്ചുമാറ്റങ്ങളും സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് വരും. അടുത്തയാഴ്ച അവസാനം ചേരുന്ന സംസ്ഥാന സമിതി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കും.
