റിയാദ് : യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെയുണ്ടായ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ. മേഖലയുടെ സുരക്ഷയെയും സമാധാനത്തെയും തകർക്കുന്ന ഇത്തരം നടപടികളിൽ സൗദി വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി. അയൽരാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ബാഹ്യഭീഷണികൾക്കെതിരെ ഒരുമിച്ച് നിൽക്കുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ഇറാന്റെ നടപടികൾ തടയാൻ അന്താരാഷ്ട്ര തലത്തിൽ കൂട്ടായ ശ്രമങ്ങൾ വേണമെന്നും സൗദി ഭരണകൂടം ആവശ്യപ്പെട്ടു.

യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ അടിയന്തരമായി റദ്ദാക്കി. ഇസ്രയേലും ഇറാഖും തങ്ങളുടെ വ്യോമപാതകൾ അടച്ചതോടെ മേഖലയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിതമായ ഇടങ്ങളിൽ തുടരണമെന്നും ഇസ്രയേലിലും ഇറാനിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് എംബസി നിർദ്ദേശം നൽകി. കുവൈറ്റ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇറാൻ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.
