ഓട്ടവ: യുഎസ്- ഇസ്രയേൽ സംയുക്തമായി നടത്തിയ ആക്രമണത്തെത്തുടർന്ന് ഇറാനിലുള്ള കനേഡിയൻ പൗരന്മാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. മാസങ്ങളോളം ഭീഷണി മുഴക്കിയതിനുശേഷം, ശനിയാഴ്ചയാണ് ഇസ്രയേലും അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയത്. തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങൾ തകർത്തു.

അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നടപടിക്ക് (ഓപ്പറേഷൻ എപ്പിക് ഫ്യൂറി) കാനഡ പൂർണ്ണ പിന്തുണയറിയിക്കുന്നതായി ശനിയാഴ്ച കാർണിയും വിദേശകാര്യ മന്ത്രി അനിത ആനന്ദും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലോകത്ത് മനുഷ്യാവകാശ ലംഘനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാനെന്നും അവരെ ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രയേലിന്റെ ആത്മരക്ഷാർത്ഥമുള്ള നടപടികളെ പിന്തുണയ്ക്കുന്നതായും അന്താരാഷ്ട്ര സമാധാനത്തിന് ഇറാൻ ഭീഷണിയാകുന്നത് തടയാൻ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കൊപ്പം നിൽക്കുമെന്നും കാർണി വ്യക്തമാക്കി.
