ദോഹ: യുഎഇയിലെ അബുദാബിയിലും ബഹ്റൈനിലും വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ട്. അതേസമയം, ദുബായിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ആക്രമണത്തിന് പിന്നാലെ യുഎഇയിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ തങ്ങളുടെ വ്യോമാതിർത്തി ഭാഗികമായി അടച്ചു. ഇതിനെത്തുടർന്ന് ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താ വളങ്ങളിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാ വിവരങ്ങൾ ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും, റമസാൻ മാസത്തിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ കൊല്ലപ്പെട്ടത് ഏഷ്യൻ വംശജനെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. അബുദാബിയിലെ ഒരു ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ഏഷ്യൻ വംശജനായ ഒരാൾ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

രാജ്യത്തിന് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ യുഎഇ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞെങ്കിലും അബുദാബിയിലെ ജനവാസ മേഖലയിൽ പതിച്ച മിസൈൽ അവശിഷ്ടങ്ങൾ തട്ടി ഏഷ്യൻ വംശജനായ ഒരാൾ മരിക്കുകയും വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും സുരക്ഷാ ലംഘനവുമാണ് നടന്നതെന്ന് ബഹ്‌റൈൻ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ ഉണ്ടായതെന്നും ബഹ്‌റൈൻ വ്യക്തമാക്കി. ഇത് ബഹ്‌റൈന്റെ സുരക്ഷയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വത്തിനും നേരിട്ടുള്ള ഭീഷണിയുയർത്തുന്ന വഞ്ചനാപരമായ ആക്രമണമാണെന്ന് ബഹ്‌റൈൻ വിശേഷിപ്പിച്ചതായി ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
