ഓട്ടവ: ആഗോളതലത്തിൽ രൂക്ഷമാകുന്ന രാഷ്‌ട്രീയ ധ്രുവീകരണം കാനഡയിലെ തെരുവുകളെ പ്രതിഷേധക്കടലാക്കുമ്പോൾ മുന്നറിയിപ്പുമായി പൊലീസ്. ഫെബ്രുവരി 14-ന് ടൊറന്റോയിൽ നടന്ന ഇറാൻ അനുകൂല റാലി നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായി മാറിയിരുന്നു. റാലിയിൽ ഏകദേശം 3.5 ലക്ഷത്തിലധികം ആളുകളാണ് ടൊറന്റോയിലെ യോങ് സ്ട്രീറ്റിൽ അണിനിരന്നത്. ഇറാനിലെ ഭരണമാറ്റം ആവശ്യപ്പെട്ട് നടന്ന റാലികളിൽ ടൊറന്റോയ്ക്ക് പുറമെ വൻകൂവർ, മൺട്രിയോൾ, കാൽഗറി, ഓട്ടവ എന്നിവിടങ്ങളിലും വലിയ റാലികൾ നടന്നിരുന്നു. കാൽഗറിയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ പ്രതിഷേധങ്ങളുടെ എണ്ണത്തിൽ 300 ശതമാനം വർധന ഉണ്ടായെന്നാണ് കണക്കുക്കൂട്ടൽ. വൻകൂവറിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 75 ശതമാനം വർധനയും രേഖപ്പെടുത്തി. 2023 ഒക്ടോബർ 7-ന് ശേഷം ടൊറന്റോയിൽ മാത്രം 4,000 പ്രതിഷേധങ്ങൾ നടന്നു. ഇതിൽ 850 എണ്ണവും ഗാസ യുദ്ധത്തിൽ പ്രതിഷേധം ഉയർത്തിയായിരുന്നു. കൂടാതെ വംശീയ വിവേചനത്തിനെതിരെയുള്ള ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’, കോവിഡ് കാലത്തെ ‘ഫ്രീഡം കോൺവോയ്’ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് അധിക സമയം ജോലി ചെയ്യേണ്ടി വരുന്നത് പൊലീസ് വകുപ്പുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാവുന്ന സാഹചര്യം വകുപ്പിന് തലവേദനയാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ പുനപരിശോധിക്കണമെന്ന് കനേഡിയൻ അസോസിയേഷൻ ഓഫ് പൊലീസ് ചീഫ്സ് മുന്നറിയിപ്പ് നൽകി. കാനഡയിലെ പ്രതിഷേധങ്ങളിൽ വലിയൊരു ഭാഗവും പ്രവാസി സമൂഹങ്ങൾ നയിക്കുന്നതാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് റിച്ച്മണ്ട് ഹില്ലിൽ മറ്റൊരു ഇറാൻ അനുകൂല റാലി കൂടി നടക്കാൻ നിശ്ചയിച്ചിട്ടുണ്ട്.
