ജറുസലേം: ഓപ്പറേഷൻ റോറിംഗ് ലയൺ രണ്ടാം ദിവസവും തുടരുന്നതിനിടെ, ഇസ്രയേലിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ടെൽ അവീവിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഒരു ഇറാനിയൻ മിസൈൽ ഇടിച്ചുകയറിയാണ് ഒരാൾ മരിച്ചത്. അന്തർനിർമ്മിത സുരക്ഷിത മുറികൾക്ക് പകരം പൊതു ഷെൽട്ടറുകളായി മാറ്റിയ ഒരു പഴയ റെസിഡൻഷ്യൽ കെട്ടിടത്തിൽ മിസൈൽ പതിച്ചപ്പോഴായിരുന്നു അപകടം. ഗുരുതരാവസ്ഥയിലായിരുന്ന സ്ത്രീ ഏതാനും മണിക്കൂറുകൾക്ക് ശേഷം മരണത്തിന് കീഴടങ്ങിയതെന്ന് ഇസ്രായേലിന്റെ അടിയന്തര മെഡിക്കൽ സർവീസായ മാഗൻ ഡേവിഡ് അഡോം (എംഡിഎ) പറഞ്ഞു. ഞായറാഴ്ച രാവിലെ ഷെൽട്ടറിലേക്കുള്ള യാത്രാമധ്യേയാണ് 68 കാരിയായ ടെൽ അവീവ് സ്വദേശി മറീന ബ്ലൈവ് ശ്വാസംമുട്ടി മരിച്ചത്.

മിസൈൽ ആക്രമണം നടന്ന ടെൽ അവീവിൽ നിന്നും 200 ലധികം താമസക്കാരെ ഒഴിപ്പിച്ച് സമീപത്തുള്ള മൂന്ന് ഹോട്ടലുകളിലേക്ക് മാറ്റി. പ്രദേശത്തെ 40 കെട്ടിടങ്ങളിൽ ഒരെണ്ണം മാത്രമാണ് വാസയോഗ്യമായി കണ്ടെത്തിയത്. 40 കെട്ടിടങ്ങളിൽ 29 എണ്ണത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു, 10 കെട്ടിടങ്ങൾ പൂർണമായും തകർന്നിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ഓപ്പറേഷൻ റൈസിംഗ് ലയൺ സമയത്ത് കണ്ട 20-30 മിസൈലുകളുടെ ആക്രമണത്തിന് പകരം, ഇസ്രായേലിലേക്കും മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും ഇറാൻ നൂറുകണക്കിന് മിസൈലുകൾ തുടർച്ചയായി വിക്ഷേപിച്ചിട്ടുണ്ടെന്ന് ഹോം ഫ്രണ്ട് കമാൻഡ് വ്യക്തമാക്കി.
