ഓട്ടവ: കാനഡയിൽ നിലവിൽ ഒരു പൊതുതിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്നും, അമേരിക്കയുമായുള്ള വ്യാപാര കരാറുകൾ പുനഃപരിശോധിക്കുന്നതിലാണ് രാജ്യം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ്. ‘ദി ബ്രിഡ്ജ്’ (The Bridge) എന്ന പോഡ്‌കാസ്റ്റിൽ പീറ്റർ മാൻസ്‌ബ്രിഡ്ജിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. കാനഡ-യുഎസ്-മെക്സിക്കോ കരാർ ഈ വർഷം പുനഃപരിശോധനയ്ക്ക് വരികയാണ്. ഈ പ്രക്രിയ പൂർത്തിയാകുന്നതിന് മുമ്പ് ഒരു തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തിന് ഗുണകരമാകില്ലെന്ന് പൊളിയേവ് പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എല്ലാ പാർട്ടികളും ഉൾപ്പെടുന്ന ഒരു സമിതി രൂപീകരിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി മാർക്ക് കാർണിയോട് ആവശ്യപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ബൈ അമേരിക്കൻ’ നയങ്ങളിൽ നിന്ന് കാനഡയ്ക്ക് പൂർണ്ണമായ ഇളവ് വേണമെന്ന് പൊളിയേവ് വാദിച്ചു. ട്രംപിന്റെ വ്യാപാര തീരുവകളെ പ്രതിരോധിക്കാൻ കാനഡ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും രാജ്യത്തിന്റെ പരമാധികാരം പ്രധാനമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ചൈനയുമായി നയതന്ത്ര ചർച്ചകൾ നടത്തുന്നതിൽ എതിർപ്പില്ല. എന്നാൽ കാനഡയുടെ കയറ്റുമതിയുടെ ഭൂരിഭാഗവും വാങ്ങുന്ന അമേരിക്കയുമായുള്ള ബന്ധം തകർത്തുകൊണ്ടുള്ള നീക്കങ്ങൾ അപകടകരമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡയിൽ അനുമതി നൽകിയ മാർക്ക് കാർണി സർക്കാരിന്റെ നീക്കത്തെ അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണിയുമായി രാഷ്ട്രീയമായി വിയോജിപ്പുകൾ ഉണ്ടെങ്കിലും വ്യക്തിപരമായി അദ്ദേഹത്തോട് ബഹുമാനമുണ്ടെന്ന് പൊളിയേവ് വെളിപ്പെടുത്തി. അടുത്തിടെ ബ്രിട്ടീഷ് കൊളംബിയയിലുണ്ടായ വെടിവെയ്പ്പ് സംഭവത്തിൽ പ്രധാനമന്ത്രി നടത്തിയ ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉടൻ വാഷിംഗ്ടൺ സന്ദർശിക്കാൻ തനിക്ക് പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഒരു സമയത്ത് ഒരു പ്രധാനമന്ത്രി മാത്രം” എന്ന തത്വത്തിൽ വിശ്വസിക്കുന്നതായും, വിദേശ രാജ്യങ്ങളുമായി ചർച്ച നടത്താൻ നിലവിലെ സർക്കാരിന് അവസരം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അടുത്ത ആഴ്ച അദ്ദേഹം യു.കെ, ജർമ്മനി എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്.
