വാഷിങ്ടൺ: ഇറാനുമായി സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന നിർണ്ണായക പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾക്ക് സന്നദ്ധമാണെന്ന് ഇറാൻ ഒമാൻ വഴി അറിയിച്ചതായും അതിനോട് താൻ അനുകൂലമായി പ്രതികരിച്ചതായും ട്രംപ് വ്യക്തമാക്കി. അതിരൂക്ഷമായ സൈനിക നടപടികൾക്കിടയിലും സമാധാനത്തിന്റെ സൂചനകൾ പുറത്തു വന്നതോടെ മേഖലയിലെ യുദ്ധഭീതിക്ക് നയതന്ത്രപരമായ അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
ഇറാനിലെ ഭരണകൂടത്തെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ഉൾപ്പെടെ 48 ഉന്നത നേതാക്കളെ വധിച്ചതായി ട്രംപ് അവകാശപ്പെട്ടു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന ഒറ്റ നീക്കത്തിലൂടെ ഇറാന്റെ നേതൃനിരയെ ഇല്ലാതാക്കിയെന്നാണ് ട്രംപിന്റെ പ്രസ്താവന. മേഖലയിൽ സമാധാനം കൊണ്ടുവരികയാണ് തന്റെ അന്തിമ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് ഇറാനുമായുള്ള ചർച്ചകൾക്ക് പച്ചക്കൊടി കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സംഘർഷത്തിനിടെ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റതായും പെന്റഗൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന പടക്കപ്പൽ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം യുഎസ് സൈന്യം തള്ളി. കപ്പൽ പൂർണ്ണമായും സുരക്ഷിതമാണെന്നും മറ്റ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
