മിസ്സിസാഗ: മിസ്സിസാഗ സ്വദേശിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന കൊലപാതക അന്വേഷണത്തിൽ പൊതുജനങ്ങളുടെ സഹായം തേടി പീൽ റീജിനൽ പൊലീസ്. 38 വയസ്സുള്ള മെഷ്ഗൻ ഐനി (സാറ/സാറാഹ്) എന്ന യുവതിയുടെ തിരോധാനമാണ് ഇപ്പോൾ കൊലപാതക കേസായി പൊലീസ് അന്വേഷിക്കുന്നത്. 2022 ജൂണിന് ശേഷം ഇവരെക്കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും, അഫ്ഗാനിസ്ഥാനിലുള്ള ബന്ധുക്കൾ 2025 ജൂണിലാണ് പൊലീസിൽ പരാതി നൽകിയത്.
ഏകദേശം അഞ്ചടി രണ്ടിഞ്ച് ഉയരവും ഇടത്തരം ശരീരപ്രകൃതിയുമുള്ള മെഷ്ഗനെ 2022 ജൂൺ മാസത്തിലാണ് അവസാനമായി കണ്ടത്. മിസ്സിസാഗയിലെ ക്വീൻ ഫ്രെഡറിക്ക ഡ്രൈവ്, ഡണ്ടാസ് സ്ട്രീറ്റ് ഈസ്റ്റ് പരിസരത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവരുടെ ദീർഘകാലത്തെ തിരോധാനത്തെക്കുറിച്ച് സംശയം തോന്നിയ പൊലീസ്, ഇത് കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇവരുടെ താമസസ്ഥലത്തിന് സമീപം സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടവർ പൊലീസിനെ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മെഷ്ഗനെക്കുറിച്ചോ അവരുടെ കുടുംബത്തെക്കുറിച്ചോ അറിവുള്ളവർ 905-453-2121 (ext. 3205) എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സ് വഴിയോ ബന്ധപ്പെടാനും പൊലീസ് നിർദേശിച്ചു.
