Monday, March 2, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം: 85,000 കനേഡിയൻ പൗരന്മാർ മേഖലയിൽ കുടുങ്ങിയതായി റിപ്പോർട്ട്

ഓട്ടവ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതിരൂക്ഷമാകുന്നതിനിടെ, മേഖലയിലുള്ള 85,000-ത്തിലധികം കനേഡിയൻ പൗരന്മാരും സ്ഥിരതാമസക്കാരും ഗ്ലോബൽ അഫയേഴ്‌സ് കാനഡയിൽ (GAC) പേര് രജിസ്റ്റർ ചെയ്തതായി ഫെഡറൽ സർക്കാർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ഇറാനെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും നടത്തിയ ശക്തമായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് മേഖലയിലെ സാഹചര്യം വഷളായത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതോടെ തിരിച്ചടികൾ ആരംഭിക്കുകയും സംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ജി.എ.സിയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച രാവിലെ വരെ, ഇറാനിൽ 2,932 കനേഡിയൻ പൗരന്മാരും ഇസ്രയേലിൽ 6,006 പേരുമാണ് ഉള്ളത്. എന്നാൽ നിലവിലെ സംഘർഷങ്ങളിൽ ഇതുവരെ കനേഡിയൻ പൗരന്മാർക്ക് ആർക്കും പരുക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തതായി വിവരമില്ല. രജിസ്‌ട്രേഷൻ നിർബന്ധമല്ലാത്തതിനാലും പലരും ഇതിനോടകം പ്രദേശം വിട്ടുപോയിരിക്കാൻ സാധ്യതയുള്ളതിനാലും
സർക്കാർ പുറത്തുവിട്ട കണക്കുകൾ ഏകദേശമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ലെബനനിൽ 23,165 പേരും യുഎഇയിൽ 23,064 പേരും സൗദി അറേബ്യയിൽ 10,948 പേരും ഉൾപ്പെടെ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിൽ പതിനായിരക്കണക്കിന് കനേഡിയൻ പൗരന്മാരാണുള്ളത്.

ഇറാൻ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ കാനഡ ശക്തമായി അപലപിച്ചു. ഇത്തരം നീക്കങ്ങൾ മേഖലയുടെ സ്ഥിരതയ്ക്കും സാധാരണക്കാരുടെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇതിനോടകം തന്നെ ഇസ്രയേൽ, കുവൈറ്റ്, ജോർദാൻ, ബ്രിട്ടൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ടെൽ അവീവിലെ നയതന്ത്ര ഉദ്യോഗസ്ഥരോട് താൽക്കാലികമായി മാറിതാമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മറ്റ് എംബസികൾ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!