Wednesday, March 4, 2026

കനത്ത തകര്‍ച്ച നേരിട്ട് ഓഹരി വിപണി; രൂപയും താഴോട്ട്

മുംബൈ: പശ്ചിമേഷ്യയില്‍ ഇസ്രായേല്‍-അമേരിക്ക-ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ബുധനാഴ്ച വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സും നിഫ്റ്റിയും കുത്തനെ ഇടിഞ്ഞു. സെന്‍സെക്സിന് 1,600 പോയന്റിലേറെയാണ് ഒറ്റയടിക്ക് നഷ്ടമായത്. ആഗോള വിപണികളിലെ അനിശ്ചിതത്വവും ക്രൂഡ് ഓയില്‍ വില ബാരലിന് 82 ഡോളറിലേക്ക് ഉയര്‍ന്നതുമാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. അടിസ്ഥാന സൗകര്യ വികസനം, ഓട്ടോമൊബൈല്‍, ഫിനാന്‍ഷ്യല്‍ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും ഇടിവ് നേരിട്ടത്.

യുദ്ധം ആഗോള ഊര്‍ജ്ജ വിതരണത്തെ ബാധിക്കുമെന്ന ഭീതി നിലനില്‍ക്കുന്നതാണ് വിപണിയെ തളര്‍ത്തുന്ന പ്രധാന ഘടകം. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടതോടെ ബ്രെന്റ് ക്രൂഡ് വില കുതിച്ചുയരുകയാണ്. ഇത് ഇന്ത്യയെപ്പോലെ ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. എണ്ണവില വര്‍ധിക്കുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിനും വ്യാപാര കമ്മി വര്‍ധിപ്പിക്കാനും രൂപയുടെ മൂല്യം ഇടിയാനും കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിപണിയിലെ പ്രധാന ഓഹരികളായ ലാര്‍സന്‍ ആന്റ് ടൂബ്രോ ഏഴ് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, അദാനി പോര്‍ട്സ് തുടങ്ങിയ പ്രമുഖ ഓഹരികളും നഷ്ടത്തിലാണ്. അതേസമയം, പ്രതികൂല സാഹചര്യത്തിലും ഐടി മേഖലയും ഒഎന്‍ജിസി പോലുള്ള ഊര്‍ജ്ജ ഓഹരികളും നേരിയ പ്രതിരോധം കാഴ്ചവെച്ചു. ഏഷ്യന്‍ വിപണികളായ ജപ്പാനിലെ ടോപിക്സ് നാല് ശതമാനവും ഹോങ്കോങ്ങിലെ ഹാങ്സെങ് രണ്ട് ശതമാനവും ഇടിഞ്ഞു. യുഎസ് വിപണികളായ ഡോ ജോണ്‍സും നാസ്ഡാക്കും കഴിഞ്ഞ ദിവസം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സുരക്ഷിത നിക്ഷേപങ്ങളിലേക്ക് നിക്ഷേപകര്‍ മാറുന്നതാണ് നിലവിലെ പ്രവണത.

രൂപ ഇന്നു രാവിലെ വലിയ ഇടിവിലായി. ഡോളര്‍ ആദ്യമായി 92 രൂപയ്ക്കു മുകളില്‍ കയറി. ഡോളര്‍ 56 പൈസ കൂടി 92.03 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീടു 92.175 രൂപയിലേക്കു കയറി. വീഴ്ച 0.75 ശതമാനം. ഡോളര്‍ സൂചിക ഉയര്‍ന്നു നില്‍ക്കുന്നതും ഇന്ത്യയുടെ കയറ്റുമതി തടസപ്പെടുന്നതും ക്രൂഡ് ഓയിലും പ്രകൃതിവാതകവും കിട്ടാന്‍ പ്രയാസം വരുന്നതും രൂപയെ ദുര്‍ബലമാക്കുന്നു. വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നതും ക്രൂഡ് വിലക്കയറ്റവും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കുന്നതും വിപണിയെ ആശങ്കയിലാക്കുന്നു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം ബാരലിന് 82.58 ഡോളറില്‍ എത്തി.

സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 5165 ഡോളറിലാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 2280 രൂപ കുറഞ്ഞ് 1,20,640 രൂപ ആയി. വെള്ളി ലോകവിപണിയില്‍ ഔണ്‍സിന് 83.85 ഡോളറിലേക്ക് എത്തി. എംസിഎക്‌സില്‍ വെള്ളി കിലോഗ്രാമിന് 2,73,250 രൂപ വരെ താഴ്ന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!