ഓട്ടവ: കാനഡയ്ക്ക് നേരെ ഇറാന്റെ സൈബർ ആക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കാനഡയിലെ നിർണ്ണായകമായ അടിസ്ഥാന സൗകര്യ മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ അനുകൂല ഹാക്കർമാർ സൈബർ കടന്നാക്രമണം നടത്തിയേക്കാമെന്ന് ‘കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി’ (CCCS) പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. യുഎസ്-ഇസ്രയേൽ സൈനിക നീക്കങ്ങൾക്ക് കാനഡ നൽകുന്ന പരസ്യമായ പിന്തുണയാണ് രാജ്യത്തെ ഇറാൻ്റെ പ്രധാന ലക്ഷ്യമാക്കി മാറ്റുന്നത്.
ശനിയാഴ്ച ഇറാനുനേരെ അമേരിക്കയും ഇസ്രയേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രയേലിനും സഖ്യകക്ഷികൾക്കും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. കാനഡ ഭൂമിശാസ്ത്രപരമായി ഇറാന്റെ മിസൈൽ പരിധിക്ക് പുറത്താണെങ്കിലും, ഡിജിറ്റൽ ലോകത്ത് രാജ്യം വലിയ ഭീഷണി നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ഊർജ്ജ ഗ്രിഡുകൾ, ജലവിതരണ ശൃംഖലകൾ, സർക്കാർ നെറ്റ്വർക്കുകൾ എന്നിവയ്ക്ക് നേരെ ഏതുനിമിഷവും ആക്രമണമുണ്ടാകാമെന്ന് മാർച്ച് രണ്ടിന് പുറത്തിറക്കിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ഇറാൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള സൈബർ ഗ്രൂപ്പുകൾ ലോകമെമ്പാടുമുള്ള സുരക്ഷാസംവിധാനങ്ങൾ കുറഞ്ഞ ഇന്റർനെറ്റ് അധിഷ്ഠിത ഉപകരണങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, സൈനിക ഉദ്യോഗസ്ഥർ, കാനഡയിലെ ഇറാനിയൻ വംശജർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർക്ക് നേരെ ഓൺലൈൻ വഴിയുള്ള വേട്ടയാടലുകൾക്കും സാധ്യതയുണ്ട്. ഇറാനിലെ ഭരണമാറ്റത്തിനായി വാദിക്കുന്ന വിദേശത്തെ രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാൻ സൈബർ സാങ്കേതികവിദ്യ ഇറാൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സൈബർ സുരക്ഷാ ഭീഷണികളിൽ ചൈനയ്ക്കും റഷ്യയ്ക്കുമൊപ്പം കാനഡ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇറാനെന്ന് 2025-26 വർഷത്തെ ഭീഷണി വിലയിരുത്തൽ റിപ്പോർട്ടും അടിവരയിടുന്നു. നിലവിൽ കാനഡ ഇറാന്റെ പ്രഥമ ലക്ഷ്യമല്ലെങ്കിലും, രാജ്യത്തെ പല നിർണ്ണായക മേഖലകളിലും കടന്നുകയറാൻ ഇറാനിയൻ ഹാക്കർമാർക്ക് ഇതിനകം സാധിച്ചിട്ടുണ്ടാകാമെന്നാണ് ഏജൻസിയുടെ നിഗമനം. യുദ്ധസാഹചര്യങ്ങളിൽ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ സൈബർ അട്ടിമറികൾക്കായി ഉപയോഗിക്കുന്നത് ശത്രുരാജ്യങ്ങളുടെ പതിവുരീതിയാണെന്നും അതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
