വൻകൂവർ: പ്രവിശ്യയിൽ നടക്കുന്ന കൊള്ളയടിയുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്ത്യൻ സർക്കാരിന് പങ്കുള്ളതായി തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പ്രവിശ്യയിലെ സൗത്ത് ഏഷ്യൻ സമൂഹത്തെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് നടക്കുന്ന അക്രമങ്ങളിൽ ബിഷ്ണോയ് ഗുണ്ടാസംഘത്തിന് പങ്കുള്ളതായി ആരോപണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള വിവരങ്ങൾ തന്റെ പക്കലില്ലെന്നും, രാഷ്ട്രീയ തലത്തിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇന്ത്യൻ ഗവൺമെന്റിന്റെ ഇടപെടൽ സ്ഥിരീകരിക്കാനാവില്ലെന്നും എബി കൂട്ടിച്ചേർത്തു.

നേരത്തെ ആർസിഎംപി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഇത്തരം കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നുവെങ്കിലും, അതിന് വിരുദ്ധമായ നിലപാടാണ് ഡേവിഡ് എബി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഒക്ടോബറിൽ നടന്ന പൊലീസ് വെളിപ്പെടുത്തലുകളെയും ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളെയും തള്ളുന്നതാണ് പുതിയ പ്രസ്താവനകൾ.
അതേസമയം, ഇന്ത്യാ സന്ദർശനത്തിനു ശേഷവും വിദേശ ഇടപെടലുകളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ഒഴിഞ്ഞുമാറുന്നത് കാനഡയിൽ വലിയ ചർച്ചയാവുകയാണ്. നിജ്ജാർ കൊലപാതകത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇതൊരു ക്രിമിനൽ നടപടിയാണെന്നും നീതി നടപ്പാക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്ന ഒന്നും താൻ പറയില്ലെന്നുമാണ് കാർണി പ്രതികരിച്ചത്. എന്നാൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള വിദേശ ഇടപെടൽ ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ലെന്നും അത്തരം കാര്യങ്ങൾ സംഭവിച്ചിട്ടില്ലെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക് കഴിഞ്ഞ ദിവസം ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.
