കാഠ്മണ്ഡു: മാസങ്ങൾ നീണ്ടുനിന്ന അതിശക്തമായ Gen Z പ്രക്ഷോഭങ്ങൾക്കൊടുവിൽ കെ പി ശർമ്മ ഒലി സർക്കാർ രാജിവെച്ചതിനെത്തുടർന്ന് നേപ്പാളിൽ ഇന്ന് നിർണ്ണായക പൊതുതിരഞ്ഞെടുപ്പ്. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 5 മണി വരെ തുടരും. രാജ്യത്തെ 1.89 കോടി വോട്ടർമാർ 275 അംഗ പ്രതിനിധി സഭയെ തിരഞ്ഞെടുക്കാൻ ഇന്ന് പോളിങ് ബൂത്തുകളിലെത്തും. സുഗമമായ വോട്ടെടുപ്പിനായി മൂന്ന് ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യമൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. ദുർഘടമായ മലയോര മേഖലകളിൽ നിന്ന് ബാലറ്റ് പെട്ടികൾ എത്തിക്കാൻ ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.
2025 സെപ്റ്റംബറിൽ അഴിമതിക്കും സോഷ്യൽ മീഡിയ നിരോധനത്തിനുമെതിരെ Gen Z നയിച്ച ശക്തമായ പ്രക്ഷോഭമാണ് നേപ്പാളിൽ ഈ അപ്രതീക്ഷിത തിരഞ്ഞെടുപ്പിന് വഴിതുറന്നത്. 75-ലധികം പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തെത്തുടർന്ന് കെ പി ശർമ്മ ഒലിക്ക് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരികയും മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേൽക്കുകയും ചെയ്തു. പഴയ ഭരണരീതികളോടുള്ള യുവാക്കളുടെ കടുത്ത വിയോജിപ്പാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ സവിശേഷത.

പരമ്പരാഗത രാഷ്ട്രീയ ശക്തികളും മാറ്റം ആഗ്രഹിക്കുന്ന പുതിയ പാർട്ടികളും തമ്മിലുള്ള കടുത്ത മത്സരത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. 74-കാരനായ കെ പി ശർമ്മ ഒലി തന്റെ തട്ടകമായ ജാപ്പ-5 മണ്ഡലത്തിൽ മത്സരിക്കുമ്പോൾ അദ്ദേഹത്തെ നേരിടുന്നത് 35-കാരനായ മുൻ റാപ്പറും കാഠ്മണ്ഡു മുൻ മേയറുമായ ബാലേന്ദ്ര ഷായാണ്. യുവാക്കളുടെ വൻ പിന്തുണയുള്ള ബാലന്റെ സാന്നിധ്യവും നേപ്പാളി കോൺഗ്രസ് നേതാവ് ഗഗൻ ഥാപ്പയുടെ മുന്നേറ്റവും പഴയ രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. വോട്ടെണ്ണൽ പൂർത്തിയാക്കി 24 മണിക്കൂറിനുള്ളിൽ ആദ്യഫലങ്ങൾ പുറത്തുവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
