ഹവാന: കടുത്ത സാങ്കേതിക തകരാറിനെത്തുടർന്ന് ക്യൂബയുടെ ഭൂരിഭാഗം പ്രദേശങ്ങളും പൂർണ്ണമായും ഇരുട്ടിൽ. തലസ്ഥാനമായ ഹവാന ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ബുധനാഴ്ച മുതൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാജ്യത്തെ പ്രധാന ഊർജ്ജ നിലയമായ ‘അന്റോണിയോ ഗ്വിറ്ററസിലുണ്ടായ’അപ്രതീക്ഷിത തകരാറാണ് ഈ വൻ പ്രതിസന്ധിക്ക് കാരണമായതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയായ യൂണിയൻ ഇലക്ട്രിക്ക (UNE) അറിയിച്ചു. നിലവിലെ തകരാർ പരിഹരിക്കാൻ കുറഞ്ഞത് 3 മുതൽ 4 ദിവസം വരെ സമയമെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്റോണിയോ ഗ്വിറ്ററസ് പ്ലാന്റിലെ ബോയിലറിനുണ്ടായ ചോർച്ചയും സൂപ്പർഹീറ്ററിലെ തകരാറുമാണ് പെട്ടെന്നുള്ള ബ്ലാക്കൗട്ടിന് കാരണം. അമേരിക്കൻ ഉപരോധത്തെത്തുടർന്ന് വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞത് രാജ്യത്തെ ഊർജ്ജ മേഖലയെ സാരമായി ബാധിച്ചു. യുഎസ് ഭീഷണിയെത്തുടർന്ന് ക്യൂബയിലേക്കുള്ള എണ്ണ വിതരണം നിർത്താൻ മെക്സിക്കോ തീരുമാനിച്ചതും സ്ഥിതിഗതികൾ വഷളാക്കി. വൈദ്യുതി നിലച്ചതോടെ രാജ്യത്തെ വാർത്താ വിതരണ സംവിധാനങ്ങളും ഗതാഗതവും താറുമാറായി.

വൈദ്യുതി തകരാർ മൂലം ക്യൂബൻ സ്റ്റേറ്റ് ടെലിവിഷന്റെ സംപ്രേക്ഷണവും തടസ്സപ്പെട്ടു. ഉച്ചകഴിഞ്ഞുള്ള വാർത്താ ബുള്ളറ്റിനുകൾ നിശ്ചിതസമയത്തിന് ഏറെ വൈകിയാണ് സംപ്രേക്ഷണം ചെയ്തത്. മിക്കയിടങ്ങളിലും ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമായി. സോളാർ പാനലുകളും ജനറേറ്ററുകളും ഉള്ള ചുരുക്കം ചില സ്ഥാപനങ്ങൾ മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ മാലിന്യ നിർമ്മാർജ്ജനം, പൊതുഗതാഗതം തുടങ്ങിയ അത്യാവശ്യ സേവനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. പതിറ്റാണ്ടുകളായി തുടരുന്ന യു.എസ് സാമ്പത്തിക ഉപരോധമാണ് ഊർജ്ജ മേഖലയിലെ നിക്ഷേപമില്ലായ്മയ്ക്കും ഇപ്പോഴത്തെ തകർച്ചയ്ക്കും കാരണമെന്നാണ് ക്യൂബൻ സർക്കാരിൻ്റെ ആരോപണം. നിലവിൽ കിഴക്കൻ പ്രവിശ്യയായ ഹോൾഗിനിലെ (Holguin) ഫെൽട്ടൺ 1 പ്ലാന്റ് മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നത്.
