ഗുവാഹത്തി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ്-30 എംകെഐ (Sukhoi-30 MKI) യുദ്ധവിമാനം ആസാമിൽ വെച്ച് റഡാറിൽ നിന്ന് കാണാതായി. ആസാമിലെ ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് രാത്രി 7:42 ഓടെയാണ് റഡാർ ബന്ധം നഷ്ടമായത്. കർബി ആംഗ്ലോങ് ജില്ലയിലെ മലയോര മേഖലയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനവുമായുള്ള ആശയവിനിമയം നിലച്ചത്. വിമാനം തകർന്നു വീണതായാണ് സംശയിക്കുന്നത്. രാത്രി ഏഴ് മണിയോടെ ചൗക്കിഹോള മേഖലയിൽ വലിയ സ്ഫോടന ശബ്ദം കേട്ടതായും പുക ഉയർന്നതായും നാട്ടുകാർ പറയുന്നു.

വിമാനം കണ്ടെത്താനായി വ്യോമസേനയും മറ്റ് സുരക്ഷാ ഏജൻസികളും ചേർന്ന് വിപുലമായ തിരച്ചിൽ തുടങ്ങി. നിബിഡ വനങ്ങളും നിറഞ്ഞ ദുർഘടമായ പ്രദേശമായതിനാൽ തിരച്ചിൽ നടപടികൾ വെല്ലുവിളി നിറഞ്ഞതാണെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
