ടൊറന്റോ: ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ടൊറന്റോയിലും, ഗ്രേറ്റർ ടൊറന്റോ ഏരിയയിലും (GTA) ഇന്ധനവിലയിൽ വൻ വർധന രേഖപ്പെടുത്തി. ശനിയാഴ്ചയോടെ ലോക്കൽ സ്റ്റേഷനുകളിൽ പെട്രോൾ വില ലിറ്ററിന് 6 സെന്റ് വർധിച്ച് ശരാശരി 152.9 സെന്റിൽ എത്തുമെന്ന് എൻ-പ്രോ (En-Pro) പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയ്ക്ക് ശേഷം മാത്രം പെട്രോളിന് 14 സെന്റ് വർധിച്ചിരുന്നു. പുതിയ വർധന കൂടി കണക്കിലെടുക്കുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ധനവിലയിൽ 20 സെന്റ് അഥവാ 15 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ രീതിയിൽ അമേരിക്കയിലും ഇന്ധനവിലയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.

ഇറാനുമായുള്ള യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. യുഎസ് ക്രൂഡ് ഓയിലിന് 6.8 ശതമാനം വർധിച്ച് ബാരലിന് 86.57 ഡോളറിലും, അന്താരാഷ്ട്ര നിലവാരമായ ബ്രെന്റ് ക്രൂഡിന് 4.7 ശതമാനം വർധിച്ച് 89.44 ഡോളറിലുമെത്തി. 2024 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ലോകത്തെ കടൽമാർഗമുള്ള എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ടാങ്കർ നീക്കം തടസ്സപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ മേഖലയിലൂടെയുള്ള എണ്ണനീക്കം പുനരാരംഭിക്കുന്നതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ ഇന്ധനവിലയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
