ജെറുസലേം: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ രഹസ്യ ഭൂഗർഭ ബങ്കർ തകർത്തതായി ഇസ്രയേൽ സൈന്യം. ടെഹ്‌റാന്റെ മധ്യഭാഗത്തുള്ള ഭരണ ആസ്ഥാനത്തിന് താഴെ സ്ഥിതി ചെയ്തിരുന്ന ഈ ബങ്കർ, അടിയന്തര സാഹചര്യങ്ങളിൽ ഖമനയിക്ക് സുരക്ഷിതമായി ഉപയോഗിക്കാനുള്ള കമാൻഡ് സെന്ററായാണ് നിർമ്മിച്ചിരുന്നത്. ഏകദേശം 50 പോർവിമാനങ്ങൾ പങ്കെടുത്ത അതിശക്തമായ ആക്രമണത്തിലൂടെയാണ് ഈ ഭൂഗർഭ ശൃംഖല തകർത്തതെന്ന് ഇസ്രയേൽ വ്യക്തമാക്കി.
‘റോറിങ് ലയൺ’ (Roaring Lion) എന്ന സൈനിക നീക്കത്തിനിടെ ഖമേനി കൊല്ലപ്പെട്ടതിനാൽ അദ്ദേഹത്തിന് ഈ ബങ്കർ ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മറ്റ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ ഇത് ഉപയോഗിച്ചുവരികയായിരുന്നു. വെറും 40 സെക്കൻഡിനുള്ളിൽ ഖമനയി ഉൾപ്പെടെ ഇറാന്റെ 40 ഓളം മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാൻ സാധിച്ചതായി ഇസ്രയേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ വെളിപ്പെടുത്തി.

കഴിഞ്ഞ ശനിയാഴ്ച യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിനിടെയാണ് ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയെ വധിച്ചത് ഇസ്രയേൽ സൈന്യമാണെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. അതേസമയം, ഇതിന് പിന്നിൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ സഹായമുണ്ടായിരുന്നുവെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ഭരണസിരാകേന്ദ്രത്തിലേറ്റ ഈ കനത്ത പ്രഹരം മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
