വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിന് 15.1 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അടിയന്തര അംഗീകാരം നൽകി. ആയുധ കയറ്റുമതി നിയന്ത്രണ നിയമപ്രകാരമുള്ള സാധാരണ നടപടികൾ ഒഴിവാക്കി, ഒരു അടിയന്തര തീരുമാന പ്രകാരമാണ് ഈ വിൽപ്പനക്ക് അംഗീകാരം നൽകിയത്.

നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ’ നേരിടാനും, സ്വന്തം പ്രതിരോധം ശക്തിപ്പെടുത്താനും, പ്രാദേശിക ശത്രുക്കളെ തടയാനും ഈ കൈമാറ്റം ഇസ്രയേലിനെ സഹായിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ പ്രമുഖ പ്രതിരോധ കരാറുകാരുമായി ആയുധ ഉത്പാദനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതിന് പിന്നാലെയാണ് ഈ അംഗീകാരം.
നിലവിലെ സൈനിക നീക്കങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങളുടെ ഉത്പാദനം നാലിരട്ടിയാക്കാൻ പ്രതിരോധ രംഗത്തെ വ്യവസായികൾ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമ്മതിക്കുകയും ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
