ദുബായ്: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ റണ്‍വേയില്‍ വീണതിനെത്തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി വിമാനത്താവളം അടച്ചിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതോടെ വിമാനങ്ങള്‍ വീണ്ടും ചിറകുവിടര്‍ത്തിത്തുടങ്ങി.
യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചത്. മുന്‍കൂട്ടി ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്ക് എത്താമെന്നും എമിറേറ്റ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യാത്ര പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ സമയം ഔദ്യോഗികമായി ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

യുദ്ധസമാനമായ സാഹചര്യം മൂലം ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പ്രത്യേക സര്‍വീസുകള്‍ നടത്തും. ഇതിന്റെ ഭാഗമായി കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്‌കത്തിലേക്കും തിരിച്ചും ഇന്ന് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങള്‍ വീതമാണ് സര്‍വീസ് നടത്തുക. കൂടാതെ കോഴിക്കോട്-ജിദ്ദ റൂട്ടിലും വിമാനങ്ങള്‍ ലഭ്യമാണ്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കും തിരിച്ചുമാണ് നോണ്‍-ഷെഡ്യൂള്‍ഡ് വിഭാഗത്തിലുള്ള സര്‍വീസുകള്‍.
കേരളത്തിലെ വിമാനത്താവളങ്ങളെയും സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 12 വിമാനങ്ങളും ഇങ്ങോട്ടേക്ക് വരേണ്ടിയിരുന്ന 9 വിമാനങ്ങളും ഇന്ന് റദ്ദാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം ആലോചിക്കുന്നുണ്ട്.
