ടൊറന്റോ: ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ന്യൂസിലൻഡ് സംഘടിപ്പിച്ച ‘പോരാട്ടം 2.0’ അന്താരാഷ്ട്ര വടംവലി മത്സരത്തിൽ അവിസ്മരണീയ വിജയം കരസ്ഥമാക്കി കോട്ടയം ബ്രദേഴ്സ് കാനഡ. ഓക്ലാന്റിലെ മനുരേവ നെറ്റ് ബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കിങ്സ് ബ്രിസ്ബണിനെ നിഷ്പ്രഭരാക്കിയാണ് KBC കിരീടം ചൂടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 21 പുരുഷ ടീമുകളെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയ കോട്ടയം ബ്രദേഴ്സിന് 10,000 ഡോളറും ട്രോഫിയുമാണ് സമ്മാനമായി ലഭിച്ചത്.
ഓഷ്യാനയിലെ ഏറ്റവും വലിയ വടംവലി മാമാങ്കമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ടൂർണമെന്റിൽ കിങ്സ് ബ്രിസ്ബൺ, കൊമ്പൻസ് മെൽബൺ തുടങ്ങിയ പ്രമുഖ ടീമുകളെ മറികടന്നാണ് കോട്ടയം ബ്രദേഴ്സ് കാനഡ തങ്ങളുടെ കരുത്ത് തെളിയിച്ചത്. ന്യൂസിലാൻഡ് പൊലീസ്-സ്പോർട്സ് മന്ത്രി മാർക്ക് മിച്ചൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മഥൻ മോഹൻ സേഥി ഉൾപ്പെടെയുള്ള പ്രമുഖർ സന്നിഹിതരായിരുന്നു.

വടംവലിക്ക് പുറമെ ചെണ്ടമേളം, മാർഗംകളി, ബ്രസീലിയൻ ഡാൻസ് തുടങ്ങിയ കലാപരിപാടികളും വിപുലമായ ഫുഡ് കോർട്ടും പോരാട്ടം 2.0-ന് ഉത്സവ പ്രതീതി പകർന്നു. കാനഡയിൽ നിന്നുമെത്തി ന്യൂസിലാൻഡിന്റെ മണ്ണിൽ കിരീടം നേടിയ കോട്ടയം ബ്രദേഴ്സിനെ പ്രവാസി മലയാളി സമൂഹം വലിയ ആവേശത്തോടെയാണ് വരവേറ്റത്.
