Saturday, March 7, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വ്യോമപാത ഭാഗികമായി തുറന്ന് ഖത്തര്‍

ദോഹ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ടിരുന്ന ഖത്തര്‍ വ്യോമപാത ഭാഗികമായി തുറന്നു. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഫെബ്രുവരി 28 മുതല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ വിലക്കിനാണ് ഇപ്പോള്‍ ഭാഗിക ഇളവ് നല്‍കിയിരിക്കുന്നത്. നിലവില്‍ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനും അത്യാവശ്യ ചരക്ക് നീക്കത്തിനുമുള്ള വിമാനങ്ങള്‍ക്കുമാണ് അനുമതി നല്‍കിയിരിക്കുന്നത്. സാധാരണ വാണിജ്യ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.

സംഘര്‍ഷം ആരംഭിച്ച ശേഷം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മാത്രം ഏകദേശം 2000 വിമാനങ്ങളാണ് ഇതുവരെ റദ്ദാക്കിയത്. ഇന്ന് രാവിലെ ദോഹയില്‍ നിന്ന് ലണ്ടനിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു. ഇതിനുപുറമെ പാരീസ്, മാഡ്രിഡ്, റോം, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചിട്ടുണ്ട്. വ്യോമസേനയുമായി ഏകോപിപ്പിച്ച് നിശ്ചിത റൂട്ടുകളിലൂടെ മാത്രമാണ് ഈ സര്‍വീസുകള്‍ അനുവദിക്കുക.

കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങള്‍, പ്രായമായവര്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ എന്നിവര്‍ക്കായിരിക്കും യാത്രയില്‍ മുന്‍ഗണന നല്‍കുക. അതേസമയം, ഔദ്യോഗികമായ അറിയിപ്പ് ലഭിക്കാതെ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് ഖത്തര്‍ എയര്‍വേയ്സ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ സാധാരണ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!