ചെന്നൈ: തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പാർട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ നേരിടുന്ന സൈബർ ആക്രമണങ്ങളെയും ഗോസിപ്പുകളെയും പരോക്ഷമായി അദ്ദേഹം പരാമർശിച്ചു. രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ഇത്തരം വെല്ലുവിളികൾ പ്രതീക്ഷിച്ചിരുന്നതാണെന്ന് വിജയ് പറഞ്ഞു. “വ്യക്തിജീവിതത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ ഞാൻ തളരില്ല. ഇത്തരം വാർത്തകളിൽ പ്രവർത്തകർ വിഷമിക്കരുതെന്നും വിജയ് അഭ്യർത്ഥിച്ചു. “നിങ്ങൾ വിഷമിക്കുന്നത് കാണുമ്പോൾ എനിക്ക് വേദനയുണ്ട്. അത്തരം കാര്യങ്ങൾ ഞാൻ കൈകാര്യം ചെയ്തോളാം. നമുക്ക് ജനങ്ങളുടെ പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം. അനാവശ്യ വിവാദങ്ങളിലേക്ക് നോക്കാതെ ജനങ്ങൾക്കായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” എന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് വൻ പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയത്. 60 വയസ്സിൽ താഴെയുള്ള കുടുംബനാഥകൾക്ക് പ്രതിമാസം 2,500 രൂപ വീതം ബാങ്ക് അക്കൗണ്ടി ലെത്തിക്കും. (സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾ ഒഴികെ). വിവാഹിതരാകുന്ന യുവതികൾക്ക് അണ്ണൻ സീർ പദ്ധതി വഴി ഒരുപവൻ സ്വർണ്ണവും പട്ടുസാരിയും നൽകും. ശിശുക്കൾക്കായി തായ് മാമൻ പദ്ധതിയിൽ പെൺകുട്ടികൾ ജനിക്കുമ്പോൾ സ്വർണ്ണമോതിരവും വെൽക്കം കിറ്റും സമ്മാനിക്കും. 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോകാതിരിക്കാൻ പ്രതിവർഷം 15,000 രൂപ സാമ്പത്തിക സഹായം നൽകും.തമിഴ്നാട്ടിലെ എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര. കൂടാതെ വർഷത്തിൽ 6 സൗജന്യ പാചകവാതക സിലിണ്ടറുകളും ലഭിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ബോഡി ക്യാമറകൾ ധരിച്ച 500 പ്രത്യേക സുരക്ഷാ ടീമുകളെ (റാണി വേലു നാച്ചിയാർ ടീം) രൂപീകരിക്കും. ഷെയർ ഓട്ടോകളിലടക്കം പാനിക് ബട്ടണുകൾ സ്ഥാപിക്കുമെന്നും കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘അഞ്ജലി അമ്മാൾ’ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും വിജയ് പറഞ്ഞു. ഇത്രയും വലിയ പദ്ധതികൾക്ക് എവിടെ നിന്ന് പണം കണ്ടെത്തുമെന്ന ചോദ്യത്തിന് തമിഴ്നാട്ടിലെ അഴിമതി അവസാനിപ്പിച്ചാൽ മതിയെന്ന് വിജയ് മറുപടി നൽകി. ഡി.എം.കെ സർക്കാരിനെതിരെ “30% സ്റ്റാലിൻ ടാക്സ്” എന്ന ഗുരുതര ആരോപണം ഉന്നയിച്ച അദ്ദേഹം, പൊതുപണം ചോരുന്നത് തടഞ്ഞാൽ ഈ പദ്ധതികളെല്ലാം സുഗമമായി നടപ്പിലാക്കാമെന്ന് വ്യക്തമാക്കി.

ഇതിനിടെ വിജയ് വേദിയിലിരിക്കുമ്പോൾ വനിതാ നേതാവ് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി. ചെങ്കൽപേട്ടിലെ ടിവികെ വനിതാദിനാഘോഷത്തിൽ പാർട്ടിയുടെ സംസ്ഥാന ജോയിന്റ് കോർഡിനേറ്ററായ ആർ.എസ്. ഇന്ദിരാ ധൻരാജ് നടത്തിയ പ്രസംഗമാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്. സ്ത്രീകളെ ബഹുമാനിക്കാത്ത പുരുഷന്മാരെ പാഠം പഠിപ്പിക്കണമെന്നാണ് ഇന്ദിര ധൻരാജ് തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തത്. ‘ആദ്യം സ്ത്രീകളെ ബഹുമാനിക്കണമെന്ന് നാം ഈ വനിതാദിനത്തിൽ ഊന്നിപ്പറയേണ്ടതുണ്ട്. വേദികളിൽ കയറി സ്ത്രീകൾക്കെതിരേ മോശമായി സംസാരിക്കുന്ന, വീട്ടിലുള്ള സ്ത്രീകളെ ഓർക്കാതെ അധിക്ഷേപം പ്രചരിപ്പിക്കുന്ന ഓരോ പുരുഷനേയും താഴെയിറക്കണം എന്ന് ഞാൻ അഭ്യർഥിക്കുന്നു’, എന്നായിരുന്നു ഇന്ദിരയുടെ വാക്കുകൾ. വിജയ്‌യെ വേദിയിലിരുത്തിയായിരുന്നു ഇവരുടെ പ്രസംഗം.
