അഹമ്മദാബാദ്: ടി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ന്യൂസീലൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ലെങ്കിലും കിവീസ് ടീമിൽ ഒരു മാറ്റമുണ്ട്. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് ടീം എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. ഇതിന് മുൻപ് 2007,2024 വർഷങ്ങളിലാണ് ഇന്ത്യ ടി20 ലോകകിരീടം നേടിയിട്ടുള്ളത്. മാത്രമല്ല, നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് കിരീടം നിലനിർത്തുകയെന്ന ലക്ഷ്യവുമുണ്ട്. അതേസമയം ന്യൂസീലൻഡാകട്ടെ ഇതുവരെ ട്വന്റി-20 ലോകകപ്പ് നേടിയിട്ടില്ല. കന്നിക്കിരീടം തേടിയാണ് അഹമ്മദാബാദിൽ കലാശപ്പോരിനിറങ്ങുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യ ഇതുവരെ കിവീസിനോട് ജയിച്ചിട്ടില്ല. മൂന്ന് തവണയും ജയം ന്യൂസീലൻഡിനായിരുന്നു.

ഇന്ത്യൻ ടീം – അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ
ന്യൂസീലൻഡ് ടീം – ടിം സെയ്ഫേർട്ട്, ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ, ഡഫി, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ
