അഹമ്മദാബാദ്: കാത്തിരിപ്പിനും പ്രതീക്ഷകൾക്കുമിടയിൽ ട്വിൻ്റി 20 യിൽ വിജയകിരീടത്തിൽ മുത്തമണിഞ്ഞ് ചരിത്രമെഴുതി ഇന്ത്യ. അഹമ്മദാബാദ്∙ 2026 മാർച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പിൽ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരിൽ ന്യൂസീലൻഡിനെ റൺസിനു 96 തോൽപ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയർത്തിയ 256 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന്റെ ഇന്നിങ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിച്ചു. മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ചരിത്രവും ഇനി ഇന്ത്യയ്ക്ക്. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുനന്ന വിൻഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ചാംപ്യൻ ടീമെന്ന റെക്കോർഡും സ്വന്തം നാട്ടിൽ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യയ്ക്കാണ്. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യൻസ് ട്രോഫി, ഇപ്പോൾ 2026 ട്വന്റി20 ലോകകപ്പുമാണത്.

ഫൈനലിൽ ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോർ ചേസ് ചെയ്യാനിറങ്ങിയ ന്യൂസീലൻഡിന് തുടക്കം മുതൽ പിഴക്കുകയായിരുന്നു. പവർപ്ലേയിൽ തന്നെ അവർക്ക് ആദ്യ മൂന്നു വിക്കറ്റും നഷ്ടമായി. മൂന്നാം ഓവറിൽ, സെമിഫൈനലിലെ സെഞ്ചറി വീരനായ ഓപ്പണർ ഫിൻ അലൻ (7 പന്തിൽ 9) ആണ് ആദ്യം വീണത്. ‘ലോക്കൽ ബോയ്’ അക്ഷർ പട്ടേൽ, തിലക് വർമയുടെ കൈകളിൽ എത്തിച്ചാണ് അലനെ പുറത്താക്കിയത്. ഒന്നാം വിക്കറ്റിൽ ടിം സെയ്ഫർട്ട്– ഫിൻ അലൻ സഖ്യം 31 റൺസാണ് കൂട്ടിച്ചേർത്തത്. തൊട്ടടുത്ത ഓവറിൽ മറ്റൊരു ‘ലോക്കൽ ബോയ്’ ജസ്പ്രീത് ബുമ്രയുടെ ബോളിൽ ഇഷാൻ കിഷന്റെ കിടിലൻ ക്യാച്ചിൽ രചിൻ രവീന്ദ്ര (2 പന്തിൽ 1) രചിൻ പുറത്തായി. പവർപ്ലേ അവസാനിക്കും മുൻപ് തന്നെ അക്ഷർ അടുത്ത അടിയും കിവീസിനു നൽകി. അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ ബൗൾഡാക്കിയതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 52 എന്ന നിലയിലേക്കു കിവീസ് ചിറകറ്റു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്താണ് കൂറ്റൻ സ്കോറിലെത്തിയത്. സഞ്ജുവിനു പുറമെ, അഭിഷേകർ ശർമ, മൂന്നാമനായി ക്രീസിലെത്തിയ ഇഷാൻ കിഷൻ എന്നിവരും അർധ സെഞ്ച്വറി നേടി. ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. 18 പന്തിലാണ് അഭിഷേക് ശർമ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ട്വൻറി20 ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറിയാണിത്. മൂന്നു സിക്സും ആറു ഫോറുമടക്കമാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. രചിൻ രവീന്ദ്ര എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ടിം സീഫെർട്ടിന് ക്യാച്ച് നൽകി അഭിഷേക് പുറത്തായി. 21 പന്തിൽ 52 റൺസാണ് താരത്തിൻറെ സമ്പാദ്യം. ഒന്നാം വിക്കറ്റിൽ 7.1 പന്തിൽ 98 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. മാറ്റ് ഹെൻട്രി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളിൽ സഞ്ജുവിന് റണ്ണൊന്നും നേടാനായില്ലെങ്കിലും അഞ്ചാം പന്ത് താരം ഗാലറിയിലെത്തിച്ച് സ്കോർ ബോർഡ് തുറന്നു. ആ ഓവറിൽ ആകെ ഏഴു റൺസാണ് നേടിയത്. ആദ്യ രണ്ട് ഓവറുകളിൽ ഇഴഞ്ഞെങ്കിലും പിന്നീട് ഇരുവരും കത്തിക്കയറി. മൂന്നാം ഓവറിൽ 15 റൺസ് നേടി. ലോക്കി ഫെർഗൂസൺ എറിഞ്ഞ നാലാം ഓവറിൽ രണ്ടു വീതം സിക്സും ഫോറും അടക്കം 24 റൺസാണ് അടിച്ചെടുത്തത്. അഞ്ചാം ഓവറിൽ 21 റൺസും ലഭിച്ചു. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യക്ക് പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നത്.
