Monday, March 9, 2026

ചരിത്രകാരന്‍ ഡോ. കെ.എന്‍ പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ചരിത്രകാരനും ചിന്തകനുമായ ഡോ. കെ.എന്‍. പണിക്കര്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ ചരിത്രകാരന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അധിനിവേശ കാലഘട്ടത്തിലെ സാംസ്‌കാരിക-ഭൗതിക ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖല. ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെയും വര്‍ഗീയ രാഷ്ട്രീയത്തിനെതിരെയും അദ്ദേഹം എന്നും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവിയായും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡീനായും അദ്ദേഹം ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. കൂടാതെ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറായും കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലാണ് അദ്ദേഹത്തിന്റെ മിക്ക ഗ്രന്ഥങ്ങളും പുറത്തിറങ്ങിയത്. മലബാര്‍ കലാപത്തെക്കുറിച്ച് അദ്ദേഹം രചിച്ച ‘എഗൈന്‍സ്റ്റ് ലോര്‍ഡ് ആന്‍ഡ് സ്റ്റേറ്റ്’ (മലബാര്‍ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ) എന്ന പുസ്തകം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ കര്‍ഷകര്‍ നടത്തിയ പോരാട്ടങ്ങളെ ചരിത്രപരമായി വിലയിരുത്തുന്നതായിരുന്നു ഈ കൃതി.

1936-ല്‍ ഗുരുവായൂരിലാണ് ഡോ. കെ.എന്‍. പണിക്കര്‍ ജനിച്ചത്. ചാവക്കാട്, പാലക്കാട് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടി. കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്നെസ് ഇന്‍ മോഡേണ്‍ ഇന്ത്യ, കമ്മ്യൂണല്‍ ത്രെട്ട് സെക്കുലര്‍ ചലഞ്ച് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന കൃതികള്‍. 2017-ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. പരേതയായ ഉഷാ ഭാര്‍ഗവയാണ് ഭാര്യ. രാഗിണി, ശാലിനി എന്നിവരാണ് മക്കള്‍. മൃതദേഹം നാളെ പൊതുദര്‍ശനത്തിന് ശേഷം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!