കാഠ്മണ്ഡു: നേപ്പാളിലെ പുതിയ രാഷ്ട്രീയ വിപ്ലവത്തിന് കരുത്തുപകര്‍ന്ന് മുന്‍ റാപ്പറും കാഠ്മണ്ഡു മുന്‍ മേയറുമായ ബാലേന്ദ്ര ഷാ (ബാലെന്‍) രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക്. 2026 മാര്‍ച്ചില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ ഝാപ്പ-5 മണ്ഡലത്തില്‍ ഏകദേശം 50,000 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് മുപ്പത്തിയഞ്ചുകാരനായ ബാലേന്ദ്ര ഷാ ചരിത്രം കുറിച്ചത്. ബാലേന്ദ്ര ഷാ നയിക്കുന്ന രാഷ്ട്രീയ സ്വതന്ത്രത പാര്‍ട്ടി (RSP) വന്‍ ഭൂരിപക്ഷത്തോടെ നേപ്പാളില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്.
2025 സെപ്റ്റംബറില്‍ പൊട്ടിപ്പുറപ്പെട്ട ‘ജെന്‍സി പ്രക്ഷോഭ’ത്തിന് ശേഷമുള്ള ഈ തെരഞ്ഞെടുപ്പ് ഫലം നേപ്പാളിലെ പരമ്പരാഗത രാഷ്ട്രീയ ശൈലിയോടുള്ള യുവതലമുറയുടെ ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്. അഴിമതിക്കും സോഷ്യല്‍ മീഡിയ നിരോധനത്തിനുമെതിരെ നടന്ന ഈ പ്രതിഷേധത്തില്‍ 77 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിനെത്തുടര്‍ന്ന് ഒലി സര്‍ക്കാര്‍ രാജിവെക്കുകയും മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയുടെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുകയുമായിരുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് യുവാക്കളുടെയും സാധാരണക്കാരുടെയും പിന്തുണയോടെ ബാലേന്ദ്ര ഷാ അധികാരത്തിന്റെ കേന്ദ്രബിന്ദുവായി മാറിയത്.

എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദധാരിയായ ബാലേന്ദ്ര ഷാ, നേപ്പാളിലെ ആദ്യത്തെ മാധേസി പ്രധാനമന്ത്രിയും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയുമാകും. റാപ്പര്‍ എന്ന നിലയില്‍ അഴിമതിക്കെതിരെ അദ്ദേഹം ഉയര്‍ത്തിയ ശബ്ദങ്ങള്‍ തെരഞ്ഞെടുപ്പില്‍ വലിയ തരംഗമായി മാറി. പ്രചാരണത്തിനിടെ ‘ലാന്‍ഡ് റോവര്‍’ വിവാദം പോലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും, മാറ്റം ആഗ്രഹിച്ച നേപ്പാളി ജനത ബാലേന്ദ്ര ഷായില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. നേപ്പാളിലെ 275 അംഗ ജനപ്രതിനിധി സഭയില്‍ ആര്‍.എസ്.പി കേവല ഭൂരിപക്ഷം ഉറപ്പാക്കിയതോടെ വരും ദിവസങ്ങളില്‍ ബാലേന്ദ്ര ഷാ ഔദ്യോഗികമായി ചുമതലയേല്‍ക്കും.
