ഓട്ടവ: പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി തട്ടിപ്പ് നടത്തുന്ന മൂന്ന് പേരെ പ്രൊവിന്‍ഷ്യല്‍ പോലീസ് അറസ്റ്റ് ചെയ്തു. വന്‍തുക കൈക്കലാക്കുന്ന ഈ സംഘത്തിന്റെ കെണിയില്‍പ്പെട്ട് നിരവധി ആളുകള്‍ക്ക് പണം നഷ്ടമായതായാണ് റിപ്പോര്‍ട്ട്.
ബാങ്ക് കാര്‍ഡുകള്‍ ബ്ലോക്ക് ആയെന്നും സുരക്ഷാ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കാര്‍ഡുകള്‍ വാങ്ങുമെന്നും വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. വ്യാഴാഴ്ച ഹോക്‌സ്ബറിയിലെ ഒരു വീട്ടില്‍ നടന്ന സമാനമായ തട്ടിപ്പിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും പിടിയിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മുതിര്‍ന്ന പൗരന്മാരെയാണ് സംഘം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ വീട്ടിലെത്തുന്നത്. ഇത്തരം ഫോണ്‍ കോളുകള്‍ ലഭിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും, വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ച് തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഓട്ടവ പോലീസ് മുന്നറിയിപ്പ് നല്‍കി.
