മൺട്രിയാേൾ: തെക്കൻ കെബെക്കിൻ്റെ വിവിധ ഭാഗങ്ങളിൽ വരാനിരിക്കുന്ന ദിവസങ്ങളിൽ അതിശക്തമായ ഫ്രീസിംഗ് റെയിനിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ മൺട്രിയാേൾ ഉൾപ്പെടെയുള്ള മേഖലകളിൽ ജനജീവിതം സ്തംഭിച്ചേക്കാവുന്ന രീതിയിലുള്ള കാലാവസ്ഥാ വ്യതിയാനമാണ് വരാൻ പോകുന്നതെന്നാണ് സൂചനകൾ. ബുധനാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയിൽ ഏകദേശം 20 മുതൽ 30 മില്ലിമീറ്റർ വരെ ഫ്രീസിംഗ് റെയിനിന് സാധ്യതയുണ്ടെന്നും എൻവയോൺമെന്റ് ഒഫീഷ്യൽസ് അറിയിച്ചു. ഗ്രേറ്റർ മൺട്രിയാേൾ, മോണ്ടെറെജി, ഔട്ടാവേ, ലോറൻഷ്യൻസ്, ലാനോഡിയർ, മൗറിസി, സെന്റർ-ഡു-കെബെക്ക്, കെബെക്ക് സിറ്റി എന്നീ മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഏകദേശം 24 മണിക്കൂറോളം തുടരുന്ന കാലാവസ്ഥ റോഡ് ഗതാഗതത്തെയും മറ്റു പൊതുജന സേവനങ്ങളെയും സാരമായി ബാധിച്ചേക്കാം.

അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മരച്ചില്ലകളിലും വൈദ്യുതി ലൈനുകളിൽ മരങ്ങൾ ഒടിഞ്ഞുവീഴാനും ദീർഘനേരം വൈദ്യുതി തടസ്സപ്പെടാനും സാധ്യതയുണ്ട്. ആഴ്ചയുടെ തുടക്കത്തിൽ താരതമ്യേന ചൂടുള്ള കാലാവസ്ഥയാണെങ്കിലും (തിങ്കളാഴ്ച 14°C, ചൊവ്വാഴ്ച 12°C), ചൊവ്വാഴ്ച രാത്രിയോടെ താപനില താഴാൻ തുടങ്ങും. ബുധനാഴ്ചയോടെ താപനില 0°C ലേക്ക് എത്തുന്നതോടെ ഫ്രീസിംഗ് റെയിൻ ഉണ്ടാകും. വ്യാഴാഴ്ച രാത്രിയോടെ താപനില മൈനസ് 12 ഡിഗ്രി (-12°C) വരെ താഴാൻ സാധ്യതയുള്ളതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ ദുഷ്കരമായേക്കാം
