കാല്‍ഗറി: പ്രധാന ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് കാല്‍ഗറി നഗരത്തില്‍ വീണ്ടും ജലനിയന്ത്രണം ഏര്‍പ്പെടുത്തി. ബിയര്‍സ്പാവ് സൗത്ത് ഫീഡര്‍ മെയിന്‍ (Bearspaw South Feeder Main) പൈപ്പുകളുടെ ബലപ്പെടുത്തല്‍ ജോലികള്‍ക്കായി ഒരു മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. കുളിക്കുന്ന സമയം കുറയ്ക്കാനും ടോയ്ലറ്റ് ഫ്‌ലഷുകളുടെ ഉപയോഗം നിയന്ത്രിക്കാനും നഗരസഭ നിവാസികളോട് ആവശ്യപ്പെട്ടു. നഗരത്തിലെ 60 ശതമാനം ജലവിതരണവും നടക്കുന്നത് ഈ പൈപ്പിലൂടെയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് സമാനമായ രീതിയില്‍ ജലനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഡിസംബറില്‍ ഈ പൈപ്പ് പൊട്ടി റോഡിലേക്ക് വെള്ളം ഒഴുകിയതിനെത്തുടര്‍ന്നാണ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്.പൈപ്പ് പൂര്‍ണ്ണമായും മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ പുതിയ പൈപ്പ് ലൈന്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ബാധിക്കുന്ന പ്രദേശങ്ങളിലെ താമസക്കാരുമായി മേയര്‍ ജെറോമി ഫര്‍ക്കാസ് ഇന്ന് കൂടിക്കാഴ്ച നടത്തും.
