മൺട്രിയാേൾ: മുൻ ലാവൽ മേയർ ഗില്ലെസ് വില്ലൻകോർട്ടുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ നിന്ന് തിരിച്ചുപിടിച്ച തുകയ്ക്ക് നികുതി ഇളവ് നൽകണമെന്ന് ഫെഡറൽ സർക്കാരിനോട് ലാവൽ മേയർ സ്റ്റെഫാൻ ബോയർ ആവശ്യപ്പെട്ടു. അഴിമതിയിലൂടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമ്പോൾ അതിൽ വീണ്ടും നികുതി ഈടാക്കുന്നത് ജനങ്ങളോടുള്ള അനീതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.1989 മുതൽ 2012 വരെ ലാവൽ മേയറായിരുന്ന വില്ലൻകോർട്ട്, നിർമ്മാണ കരാറുകാരിൽ നിന്ന് കമ്മീഷൻ കൈപ്പറ്റിയതടക്കമുള്ള വലിയ അഴിമതികൾക്ക് നേതൃത്വം നൽകിയിരുന്നു. ഇതിനെ ത്തുടർന്ന് 2016-ൽ ഇദ്ദേഹത്തിന് ആറ് വർഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു. ഏകദേശം ആറു കോടി ഡോളറിലധികം തുക ഇതിനോടകം തിരിച്ചുപിടിച്ചു. ഇങ്ങനെ തിരിച്ചുപിടിച്ച തുകയ്ക്ക് ഫെഡറൽ സർക്കാർ നികുതി ചുമത്താൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബോയറുടെ പ്രതികരണം.

എന്നാൽ, തങ്ങളുടെ പണം നഷ്ടപ്പെട്ടതിൽ ലാവലിലെ താമസക്കാർ ഇതിനോടകം വലിയ വില നൽകിക്കഴിഞ്ഞതാണെന്നും അതിൽ വീണ്ടും നികുതി നൽകേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും മേയർ പറഞ്ഞു. കെബെക്ക് സർക്കാർ നേരത്തെ ഇത്തരത്തിൽ നികുതി ഇളവ് നൽകിയിരുന്നു. അതുപോലെ തന്നെ ഫെഡറൽ സർക്കാരും പ്രത്യേക അധികാരം ഉപയോഗിച്ച് ഈ തുകയെ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് മേയറുടെ ആവശ്യം.
