ഓട്ടവ: അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്ന് നിർണ്ണായക ഉപതിരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ ജീവിതച്ചെലവും സാമ്പത്തിക ഭദ്രതയും പ്രധാന പ്രചാരണ വിഷയങ്ങളാക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ് വ്യക്തമാക്കി. കാനഡയെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാകും തങ്ങളുടെ സ്ഥാനാർത്ഥികൾ ജനവിധി തേടുകയെന്ന് തിങ്കളാഴ്ച പാർലമെന്റ് ഹില്ലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് ഭക്ഷണം പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ഈ മൂന്ന് മണ്ഡലങ്ങളിലും പ്രധാന ചർച്ചാവിഷയം ഇത് തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കാർബറോ സൗത്ത് വെസ്റ്റ്, ടെറെബോൺ, യൂണിവേഴ്സിറ്റി-റോസ്ഡേൽ എന്നീ റൈഡിങ്ങിൽ ഏപ്രിൽ 13-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. നിലവിൽ 169 സീറ്റുകളുള്ള ലിബറൽ പാർട്ടിക്ക് കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകളുടെ കുറവാണുള്ളത്. ഈ മൂന്ന് മണ്ഡലങ്ങളിലും വിജയിക്കാൻ സാധിച്ചാൽ കാർണി സർക്കാരിന് പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയും. പ്രമുഖ എംപിമാരായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ്, ബിൽ ബ്ലെയർ എന്നിവർ രാജിവെച്ചതിനെത്തുടർന്നാണ് ടൊറന്റോയിലെ രണ്ട് റൈഡിങ്ങുകളിൽ ഒഴിവ് വന്നത്. കെബെക്കിലെ ടെറെബോൺ റൈഡിങ്ങിൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലിബറൽ സ്ഥാനാർത്ഥി ടാറ്റിയാന അഗസ്റ്റെ വിജയിച്ച ഈ റൈഡിങ്ങിൽ ബ്ലോക്ക് കെബെക്ക്വ സ്ഥാനാർത്ഥി നതാലി സിൻക്ലെയർ-ഡെസ്ഗാഗ്നെയാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടത്.
ഈ ഉപതിരഞ്ഞെടുപ്പുകളിലൂടെ ലിബറൽ സർക്കാർ ഭൂരിപക്ഷം നേടുമോ എന്ന ചോദ്യത്തിന് പൊളിയേവ് വ്യക്തമായ മറുപടി നൽകിയില്ല. എന്നാൽ ലിബറലുകൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ രാജ്യത്തെ ക്രമസമാധാന നിലയും വിലക്കയറ്റവും കൂടുതൽ വഷളാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. മൂന്ന് റൈഡിങ്ങിലും സ്ഥാനാർത്ഥികളാകാൻ നിരവധി പേർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അടുത്ത ആഴ്ചയോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും കൺസർവേറ്റീവ് പാർട്ടി അറിയിച്ചു.
