ഓട്ടവ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധത്തെക്കുറിച്ചുള്ള നിർണ്ണായക പാർലമെന്റ് ചർച്ചയിൽ പ്രധാനമന്ത്രി മാർക്ക് കാർണി വിട്ടുനിന്നത് കാനഡയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. യുദ്ധത്തിൽ സർക്കാരിന്റെ നിലപാട് അവ്യക്തമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെ ഹൗസ് ഓഫ് കോമൺസ് തർക്കവേദിയായി. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ വിദേശകാര്യ മന്ത്രി അനിത ആനന്ദാണ് സർക്കാരിന് വേണ്ടി സംസാരിച്ചത്. സിവിലിയന്മാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ കാനഡ അപലപിക്കുന്നുവെന്നും രാജ്യാന്തര നിയമങ്ങൾ എല്ലാ കക്ഷികളും പാലിക്കണമെന്നും മന്ത്രി ചർച്ചയിൽ വ്യക്തമാക്കി. സംഘർഷം ലഘൂകരിക്കാനാണ് മുൻഗണന നൽകുന്നതെന്നും വിദേശത്തുള്ള കാനഡക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് ഇറാനെതിരെ നടന്ന സൈനിക നീക്കങ്ങളിൽ കാനഡയുമായി ആലോചനകൾ നടന്നിട്ടില്ലെന്നും അത്തരം നീക്കങ്ങളിൽ പങ്കാളികളാകാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും അനിത ആനന്ദ് ആവർത്തിച്ചു. എന്നാൽ ഇറാൻ ആണവായുധങ്ങൾ കൈവശപ്പെടുത്തുന്നത് രാജ്യാന്തര സമാധാനത്തിന് ഭീഷണിയാണെന്നും അവർ പറഞ്ഞു. അതേസമയം, യുദ്ധം തുടങ്ങിയത് മുതൽ പ്രധാനമന്ത്രി മാർക്ക് കാർണി സ്വീകരിച്ച വൈരുദ്ധ്യം നിറഞ്ഞ നിലപാടുകൾക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് പോലും വിമർശനങ്ങൾ ഉയർന്നു. ആക്രമണം തുടങ്ങിയ ദിവസം അതിനെ പിന്തുണച്ച പ്രധാനമന്ത്രി, ദിവസങ്ങൾക്കുള്ളിൽ അത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് പറഞ്ഞ് നിലപാട് മാറ്റിയിരുന്നു. പിന്നീട് ഓസ്ട്രേലിയയിൽ വെച്ച് നടന്ന ഒരു കൂടിക്കാഴ്ചയിൽ, സഖ്യകക്ഷികൾ സഹായം ചോദിച്ചാൽ സൈനിക പങ്കാളിത്തം പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നാലിലധികം തവണ നിലപാട് മാറ്റിയെന്നും ഇപ്പോൾ പാർലമെന്റിൽ നിന്ന് ഒളിച്ചോടുകയാണെന്നും കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് കുറ്റപ്പെടുത്തി. ഇറാനിലെ നിലവിലെ ഭരണകൂടത്തെ മാറ്റി ജനാധിപത്യ സർക്കാർ വരണമെന്നതാണ് കാനഡയുടെ താൽപ്പര്യമെന്നും ശക്തമായ നേതൃത്വമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കെബെക്ക്വ, എൻ.ഡി.പി തുടങ്ങിയ പാർട്ടികളും സർക്കാരിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
