ജോർജിയ: നോർത്ത് ഹാൾ ഹൈസ്‌കൂൾ അധ്യാപകൻ ജേസൺ ഹ്യൂസിന്റെ മരണത്തിന് കാരണക്കാരായ വിദ്യാർത്ഥികൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം. പ്രാങ്കിനിടെയുണ്ടായ അപകടത്തിലായിരുന്നു ഹ്യൂസിൻ്റെ ജീവൻ പൊലിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അഞ്ച് വിദ്യാർത്ഥികൾ തമാശയ്ക്കായി ഹ്യൂസിന്റെ വീടിന് മുന്നിലെ മരങ്ങളിൽ ടോയ്‌ലറ്റ് പേപ്പർ ചുറ്റാൻ എത്തുകയായിരുന്നു. വിവരമറിഞ്ഞ ഹ്യൂസ് വീടിന് പുറത്തേക്ക് ഓടിവന്നു. പേടിച്ചുപോയ വിദ്യാർത്ഥികൾ വാഹനങ്ങളിൽ വേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഹ്യൂസ് റോഡിലേക്ക് വീഴുകയും ഒരു വിദ്യാർത്ഥി ഓടിച്ചിരുന്ന വാഹനം അദ്ദേഹത്തിന്റെ മേൽ ഇടിക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു. ക്രിസ്തു നമ്മളോട് കാണിച്ചത് പോലെ ഈ കുട്ടികളോടും ക്ഷമയും കരുണയും കാണിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നായി ഹ്യൂസിൻ്റെ കുടുംബം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ അപകടം കുട്ടികളുടെ ജീവിതം തകർക്കുന്ന മറ്റൊരു ദുരന്തമായി മാറാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി.

അധ്യാപകൻ എന്ന നിലയിൽ കുട്ടികളുടെ ജീവിതം കെട്ടിപ്പടുക്കാനാണ് ഹ്യൂസ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾ ഹ്യൂസിന് പ്രിയപ്പെട്ടവരായിരുന്നുവെന്നും, അവർക്ക് ഉപദ്രവിക്കണമെന്ന യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി. വാഹനം ഓടിച്ചിരുന്ന ജെയ്ഡൻ വാലസ് എന്ന 18-കാരനെതിരെ ഫസ്റ്റ് ഡിഗ്രി വെഹിക്കുലർ ഹോമിസൈഡ്, അശ്രദ്ധമായി വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് 15 വർഷം വരെ തടവ് ലഭിക്കാം. മറ്റ് നാല് വിദ്യാർത്ഥികൾക്കെതിരെ അതിക്രമിച്ചു കടന്നതിനും പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനും കേസെടുത്തിട്ടുണ്ട്. ജോർജിയയിലെ ഗെയ്‌നസ്‌വിൽ സമൂഹം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി
