മിസ്സിസാഗ: എട്ടുലക്ഷം ഡോളറിലധികം മൂല്യമുള്ള 13 വാഹനങ്ങൾ മോഷ്ടിച്ച സംഘത്തിലെ മുഖ്യ ആസൂത്രകരായ സംഘടിത വാഹന മോഷണ സംഘത്തിലെ രണ്ട് സഹോദരങ്ങൾ പിടിയിലായി. മിസ്സിസാഗ സ്വദേശികളായ സുൽമാൻ ദാർ (28), ഷഹറോസ് ദാർ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ആകെ 55 ക്രിമിനൽ കുറ്റങ്ങൾ ചുമത്തി, മോഷണം പോയ 13 വാഹനങ്ങൾ പൊലീസ് വീണ്ടെടുത്തു. ഇതിനുപുറമെ മുമ്പ് നടന്ന വിവിധ മോഷണങ്ങളിലും, കോടതി ഉത്തരവുകൾ ലംഘിക്കൽ കേസുകളിലും ഇവർ പ്രതികളാണ്. 2025 ഒക്ടോബറിലാണ് ഈ സംഘത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. 2026 മാർച്ചിൽ മിസ്സിസാഗയിലെ രണ്ട് വീടുകളിൽ നടത്തിയ പരിശോധനയോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്. മോഷണം പോയ വാഹനങ്ങൾ കൈവശം വെക്കൽ, വാഹന മോഷണം, ജാമ്യ വ്യവസ്ഥകൾ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വാഹന മോഷണങ്ങൾ തടയുന്ന പ്രവർത്തനങ്ങളിൽ പീൽ പോലീസ് വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് മാർക്ക് ആൻഡ്രൂസ് പറഞ്ഞു. 2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2026-ൽ വാഹന മോഷണങ്ങളിൽ 15 ശതമാനം കുറവ് രേഖപ്പെടുത്തി. ഇത്തരം സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കർശനമായി നേരിടുമെന്നും പോലീസ് അറിയിച്ചു. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 11 ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുമായി 905-453-2121, എക്സ്റ്റൻഷൻ 1133 എന്ന നമ്പറിൽ ബന്ധപ്പെടണം. 1-800-222-TIPS (8477) എന്ന നമ്പറിൽ പീൽ ക്രൈം സ്റ്റോപ്പേഴ്സിനെ വിളിച്ചോ peelcrimestoppers.ca സന്ദർശിച്ചോ വിവരങ്ങൾ നൽകാം
