തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ തുടരുന്ന നഴ്സിങ് സമരം ക്രൈസ്തവ മിഷൻ ആശുപത്രികളെ തകർക്കാനും ആരോഗ്യമേഖല വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറാനുമുള്ള ഗൂഢനീക്കമാണെന്ന് സീറോ മലബാർ മീഡിയ കമ്മിഷൻ ആരോപിച്ചു. നഴ്സുമാരുടെ ക്ഷേമത്തിന് എക്കാലവും മുൻഗണന നൽകിയിട്ടുള്ള സഭാ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നത് വഴി കേരളത്തിലെ ആരോഗ്യരംഗം വൻകിട ബിസിനസ് ഗ്രൂപ്പുകൾക്ക് തീറെഴുതാനുള്ള നീക്കമാണോ നടക്കുന്നതെന്ന ആശങ്ക പൊതുസമൂഹത്തിൽ ശക്തമാണ്.

നിലവിൽ മറ്റ് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് ഉയർന്ന ശമ്പളം നൽകുന്ന തൃശൂർ ജൂബിലി മെഡിക്കൽ കോളേജ് അടക്കമുള്ള സഭാ സ്ഥാപനങ്ങളിൽ സമരം നടക്കുന്നത് ദുരൂഹമാണ്. കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CHAI) കീഴിലുള്ള ഭൂരിഭാഗം ആശുപത്രികളും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. പലയിടങ്ങളിലും ശമ്പള പരിഷ്കരണം വരുന്നത് വരെ ഇടക്കാല ആശ്വാസം അനുവദിച്ചിട്ടുമുണ്ട്. എന്നാൽ നാൽപതിനായിരം രൂപ അടിസ്ഥാന ശമ്പളം എന്ന പ്രായോഗികമല്ലാത്ത ആവശ്യം മിഷൻ ആശുപത്രികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും അടച്ചുപൂട്ടലിലേക്കും നയിക്കുമെന്ന് മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നു.
ശമ്പള ഇനത്തിൽ ഇത്ര വലിയ വർധനന വരുത്തേണ്ടി വന്നാൽ ചികിത്സാ നിരക്ക് കുത്തനെ കൂട്ടാൻ ആശുപത്രികൾ നിർബന്ധിതരാകും. ഇത് സാധാരണക്കാരായ രോഗികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. മിഷൻ ആശുപത്രികളെ സാമ്പത്തികമായി തകർത്ത് അവ ഏറ്റെടുക്കാൻ കാത്തിരിക്കുന്ന കോർപ്പറേറ്റ് ശക്തികളുടെയും നിഗൂഢ താല്പര്യക്കാരുടെയും ഉപകരണങ്ങളായി സമരക്കാർ മാറുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് സഭാ അധികൃതർ ആവശ്യപ്പെട്ടു. രോഗികളെ ബുദ്ധിമുട്ടിച്ചുള്ള സമരമുറകൾ ഒട്ടും ഭൂഷണമല്ലെന്നും സർക്കാർ നിശ്ചയിക്കുന്ന ന്യായമായ വേതനം നൽകാൻ സഭ എന്നും സന്നദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
