Wednesday, March 11, 2026

“നിങ്ങൾ മകനെ ഉപേക്ഷിക്കുകയല്ല, മറിച്ച് അന്തസ്സോടെയുള്ള മരണം നൽകുന്നു” കോടതിക്ക്‌ മുന്നിൽ കണ്ണീരോടെ അശോകും നിർമ്മലയും

ന്യൂഡൽഹി: ജിമ്മിൽ പോകുന്നതും ഫുട്ബോൾ കളിക്കുന്നതും ഹരീഷിന് ഏറെ ഇഷ്ടമായിരുന്നു. കുടുംബത്തിലെ മൂത്ത മകൻ, അച്‌ഛൻ്റെയും മകൻ്റെയും പ്രതീക്ഷ. പക്ഷേ എല്ലാം ഒരൊറ്റ നിമിഷം കൊണ്ട്‌ തകർന്നു. നാലുനില കെട്ടിടത്തിന്‌ മുകളിൽ നിന്നുള്ള വീഴ്‌ച സ്വപ്‌നങ്ങളെല്ലാം തകർത്തു. നീണ്ട 13 വർഷമായി ഗാസിയാബാദ്‌ സ്വദേശി ഹരീഷ്‌ റാണ അബോധാവസ്ഥയിലാണ്‌. 31-കാരനായ ഹരീഷ് റാണയ്ക്ക് സമാധാനപരമായ മരണത്തിന് സുപ്രീം കോ‌ടതി അനുമതി നൽകിയപ്പോൾ വേദനിപ്പിക്കുന്ന ഓർമ്മകളാണ്‌ അച്‌ഛൻ്റെയും അമ്മയുടെയും മനസിൽ. നിസ്സഹായതയുടെ അങ്ങേയറ്റത്തു നിന്നാണ് ഇങ്ങനെ മരണത്തിനും ജീവിതത്തിനുമിടയിൽ അവൻ ഇനി കഷ്‌ടപ്പെടേണ്ടതില്ലെന്ന തീരുമാനം അവർ എടുത്തത്‌. രാജ്യത്തെ വൈദ്യശാസ്ത്ര-നിയമ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒന്നാണ് സുപ്രീം കോടതി ഇന്ന്‌ പുറപ്പെടുവിച്ച ഈ വിധി. ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് മകന് ദയാവധം നൽകണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചത്. വിധി പ്രസ്താവിക്കുന്നതിനിടെ ജസ്റ്റിസ് പർദിവാല വൈകാരികമായി പ്രതികരിക്കുകയും വില്യം ഷേക്സ്പിയറുടെ ഹാംലെറ്റിലെ പ്രശസ്തമായ വരികൾ ഉദ്ധരിക്കുകയും ചെയ്തു. “To be or not to be (ജീവിക്കണോ അതോ വേണ്ടയോ)” എന്ന വരികൾ ഇന്ന് ഒരാളുടെ മരണത്തിനുള്ള അവകാശത്തെ വ്യാഖ്യാനിക്കാൻ ഉപയോഗിക്കേണ്ടി വരുന്നു എന്നതായിരുന്നു അത്‌.

2013-ൽ പഞ്ചാബ് സർവകലാശാലയിലെ പഠനകാലത്ത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുന്നത്. അന്നുമുതൽ ചലനശേഷി നഷ്ടപ്പെട്ട്, സംസാരിക്കാനോ കേൾക്കാനോ തിരിച്ചറിയാനോ കഴിയാത്ത അവസ്ഥയിലായിരുന്നു ഹരീഷ്. മസ്തിഷ്കത്തിന്റെ പ്രവർത്തനം പൂർണ്ണമായും തകരാറിലാക്കി. അന്നുമുതൽ അദ്ദേഹം ‘പെർസിസ്റ്റന്റ് വെജിറ്റേറ്റീവ് സ്റ്റേറ്റ്’ (PVS) എന്ന അവസ്ഥയിലായി. അതായത്, ശ്വാസമെടുക്കുമെങ്കിലും ബോധമോ ചുറ്റുമുള്ളവരോട് പ്രതികരിക്കാനുള്ള ശേഷിയോ അദ്ദേഹത്തിനില്ലായിരുന്നു. ഭക്ഷണത്തിനായി വയറ്റിൽ ട്യൂബും ശ്വസനത്തിനായി തൊണ്ടയിൽ മറ്റൊരു ട്യൂബും ഘടിപ്പിച്ചിരുന്നു. കഴിഞ്ഞ 13 വർഷമായി അദ്ദേഹം കിടപ്പിലായിരുന്നു. ദീർഘകാലം കിടപ്പിലായതിനാൽ ശരീരത്തിൽ വലിയ മുറിവുകളും പേശികൾ ചുരുങ്ങിപ്പോകുന്ന അവസ്ഥയും ഉണ്ടായിരുന്നു. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നത് നിർത്തിയിരുന്നു. ഹരീഷിന്റെ അച്ഛൻ അശോക് റാണയും അമ്മ നിർമ്മലയും തങ്ങളുടെ ജീവിതം മുഴുവൻ മകന്റെ ശുശ്രൂഷയ്ക്കായി മാറ്റിവെച്ചു. 24 മണിക്കൂറും അവർ മകന്റെ അരികിലുണ്ടായിരുന്നു. മകന്റെ ചികിത്സയ്ക്കായി അവർക്ക് തങ്ങളുടെ ദ്വാരകയിലെ വീട് വിൽക്കേണ്ടി വന്നു. പ്രതിമാസം ഏകദേശം 25,000 രൂപയോളം മരുന്നിനും മറ്റ് ആവശ്യങ്ങൾക്കുമായി അവർ കണ്ടെത്തിയിരുന്നു. ഇതിനുമുമ്പ് ഡൽഹി ഹൈക്കോടതി ഇവരുടെ അപേക്ഷ നിരസിച്ചിരുന്നു.

“ഭക്ഷണ ട്യൂബ് മാറ്റുന്നത് മകനെ പട്ടിണിക്കിട്ട് കൊല്ലുന്നതിന് തുല്യമാണ്” എന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്. എന്നാൽ സുപ്രീം കോടതി ഈ നിലപാട് തിരുത്തി.കുടുംബത്തിന്റെ പോരാട്ടവും കഷ്ടപ്പാടും ട്യൂബിലൂടെ നൽകുന്ന ഭക്ഷണവും വെന്റിലേറ്റർ സഹായവുമാണ് ജീവൻ നിലനിർത്തിയിരുന്നത്. അത്രയേറെ അവർ കഷ്‌‌ടപ്പെട്ടു. അവനിലായിരുന്നു അവരു‌ടെ സകലപ്രതീക്ഷയും. പ്രായമായ തങ്ങൾക്ക് ഇനി മകനെ പരിചരിക്കാൻ ശേഷിയില്ലെന്നും, അവൻ അനുഭവിക്കുന്ന വേദനയ്ക്ക് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഗാസിയാബാദ് സ്വദേശികളായ മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. ഹരീഷ് റാണയുടെ ജീവൻ നിലനിർത്തുന്ന ചികിത്സാ സഹായങ്ങൾ പിൻവലിക്കാൻ അനുവദിച്ച കോടതി ചില നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്‌. ഡൽഹി എയിംസിലെ പാലിറ്റീവ് കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രമേ ചികിത്സ പിൻവലിക്കാവൂ. രോഗിക്ക് യാതൊരുവിധ വേദനയും അനുഭവപ്പെടാത്ത രീതിയിൽ, അന്തസ്സോടെയുള്ള മരണം ഉറപ്പാക്കാൻ കൃത്യമായ രീതിയിൽ വേണം നടപ്പിലാക്കണം. 13 വർഷം മകനെ നിസ്വാർത്ഥമായി പരിചരിച്ച മാതാപിതാക്കളെ കോടതി അഭിനന്ദിച്ചു. “നിങ്ങൾ മകനെ ഉപേക്ഷിക്കുകയല്ല, മറിച്ച് അവന് അന്തസ്സോടെയുള്ള മരണം നൽകുകയാണ് ചെയ്യുന്നത്” എന്നും കോടതി നിരീക്ഷിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!