ടൊറന്റോ: കാനഡയിൽ കൊളോറെക്റ്റൽ കാൻസർ (വൻകുടലിലെ കാൻസർ) നേരത്തെ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ 50 വയസ്സിന് പകരം 45 വയസ്സുമുതൽ തുടങ്ങണമെന്ന് കനേഡിയൻ കാൻസർ സൊസൈറ്റി (CCS). യുവാക്കളിൽ ഈ രോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സൊസൈറ്റി ഈ നിർദ്ദേശം സർക്കാരിന് മുന്നിൽ വെച്ചത്. മുൻ തലമുറകളെ അപേക്ഷിച്ച് 50 വയസ്സിന് താഴെയുള്ളവർക്ക് ഈ കാൻസർ വരാനുള്ള സാധ്യതയിൽ രണ്ടരമടങ്ങ് വരെ വർധനയെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാൻസർ അതിന്റെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ അതിജീവന നിരക്ക് 90% വരെയാണ്. എന്നാൽ വൈകി കണ്ടെത്തിയാൽ ഇത് 15%-ൽ താഴെയായി കുറയുന്നു. വൻകുടലിൽ കാണപ്പെടുന്ന പോളിപ്പുകൾ കാൻസർ ആയി മാറാൻ ഏകദേശം 8 മുതൽ 10 വർഷം വരെ എടുക്കും. 45 വയസ്സിൽ പരിശോധന തുടങ്ങുന്നത് വഴി ഇത്തരം പോളിപ്പുകൾ കണ്ടെത്തി നീക്കം ചെയ്യാനും കാൻസർ തടയാനും സാധിക്കും. ജേർണർ ഒഫ് ദി കനേഡിയൻ അസോസിയേഷൻ ഒഫ് ഗ്യാസ്ട്രോ എൻട്രോളജി പഠന പ്രകാരം 45 വയസിൽ പരിശോധന നടത്തുകയാണെങ്കിൽ അടുത്ത 45 വർഷത്തിനുള്ളിൽ ഏകദേശം 6,100 മരണങ്ങൾ തടയാൻ സാധിക്കും.

15,070 പേർക്കെങ്കിലും കാൻസർ വരാതെ മുൻകരുതലുകൾ സ്വീകരിക്കാനും പരിശോധന സഹായിക്കും. കാൻസർ ചികിത്സയ്ക്കായി ചെലവാകുന്ന തുകയിൽ ഏകദേശം ഏകദേശം ₹1,580 കോടി ലാഭിക്കാൻ സർക്കാരിന് കഴിയും. ഓട്ടവ സ്വദേശിയായ 54-കാരൻ മൈക്കൽ ഗ്രോവ്സിൻ്റെ അനുഭവം ഈ മാറ്റത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന അനുഭവമാണെന്ന് വിദഗ്ദ്ധർ പറയുന്നു. 49-ാം വയസ്സിൽ യാതൊരു ലക്ഷണങ്ങളുമില്ലാതെ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന് മൂന്നാം ഘട്ട കാൻസർ സ്ഥിരീകരിച്ചത്. 45 വയസ്സിൽ പരിശോധന ലഭ്യമായിരുന്നെങ്കിൽ തന്റെ രോഗം നേരത്തെ കണ്ടെത്താമായിരുന്നെന്നും കഠിനമായ കീമോതെറാപ്പി ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറയുന്നു.
