വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോര്‍. ആഗോളതലത്തില്‍ ഇന്ധനവില സ്ഥിരതയോടെ നിലനിര്‍ത്തുന്നതില്‍ ഇന്ത്യ വഹിക്കുന്ന സുപ്രധാന പങ്ക് അമേരിക്ക അംഗീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളില്‍ ഒന്നായ ഇന്ത്യയുമായി വിപണി സുസ്ഥിരതയ്ക്കായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സമൂഹമാധ്യമത്തിലൂടെ ഗോര്‍ കുറിച്ചു.
ഹോര്‍മോസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണ വാങ്ങാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഇന്ത്യയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അംബാസഡറുടെ പ്രതികരണം. അതേസമയം, ആഗോള ഇന്ധന പ്രതിസന്ധിക്ക് തടയിടാന്‍ വന്‍തോതില്‍ കരുതല്‍ ശേഖരം പുറത്തെടുക്കാന്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ഒരുങ്ങുകയാണ്. 17.2 കോടി ബാരല്‍ എണ്ണ അമേരിക്കയും, അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയിലെ 32 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് 40 കോടി ബാരലും വിപണിയിലെത്തിക്കും. ഇന്ത്യയ്ക്ക് നിലവില്‍ 53.3 ലക്ഷം മെട്രിക് ടണ്‍ കരുതല്‍ ഇന്ധനശേഖരമാണുള്ളത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, തങ്ങളുടെ ഉപാധികള്‍ അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. ഇറാന്റെ നിയമാനുസൃത അവകാശങ്ങള്‍ അംഗീകരിക്കുക, നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ വ്യവസ്ഥകളാണ് അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്.
