കാൽഗറി: കാനഡയിലെ മറ്റ് പ്രമുഖ നഗരങ്ങളെ അപേക്ഷിച്ച് കാൽഗറിയിൽ വാടക നിരക്ക് ഗണ്യമായി കുറയുന്നതായി പുതിയ റിപ്പോർട്ട്. Rentals.ca പുറത്തുവിട്ട ഏറ്റവും പുതിയ വിശകലനമനുസരിച്ച്, കാൽഗറിയിലെ ശരാശരി വാടക നിരക്ക് 1,870 ഡോളറാണ്. ഇത് ടൊറന്റോ (2,482 ഡോളർ), വൻകൂവർ (2,672 ഡോളർ) എന്നീ നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതേസമയം, ഹാലിഫാക്സിലെ ശരാശരി വാടകയേക്കാൾ ഏകദേശം 400 ഡോളറോളം ലാഭിക്കാൻ കാൽഗറിയിലെ താമസക്കാർക്ക് സാധിക്കുന്നുണ്ട്. എഡ്മിന്റനിലാണ് നിലവിൽ ഏറ്റവും കുറഞ്ഞ വാടക രേഖപ്പെടുത്തിയിരിക്കുന്നത് (1,590 ഡോളർ).

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വാടക നിരക്കിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ നഗരവും കാൽഗറിയാണ്. 11.8 ശതമാനത്തിന്റെ കുറവാണ് ഇവിടെയുണ്ടായത്. ആറ് മാസം മുമ്പ് ഹാലിഫാക്സിൽ നിന്ന് കാൽഗറിയിലേക്ക് താമസം മാറിയ പാർത്ഥ്, സ്വാതി ബുധിരാജ ദമ്പതികൾ ഈ മാറ്റം നേരിട്ട് സാക്ഷ്യപ്പെടുത്തുന്നു. ഹാലിഫാക്സിൽ രണ്ട് ബെഡ്റൂം വീടിന് 2,500 ഡോളർ നൽകിയിരുന്ന സ്ഥാനത്ത്, കാൽഗറി ഡൗൺടൗണിൽ പാർക്കിങ് സൗകര്യം ഉൾപ്പെടെ 2,300 ഡോളർ മാത്രമേ നൽകേണ്ടി വരുന്നുള്ളൂവെന്ന് ഇവർ പറയുന്നു. കാൽഗറിയിലേക്ക് താമസം മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറ്റവും അനുയോജ്യമായ സമയമാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
ദേശീയതലത്തിൽ അപ്പാർട്ട്മെന്റുകളുടെ ശരാശരി വാടക നിരക്കിൽ 2.4 ശതമാനം കുറവുണ്ടായി 2,035 ഡോളറിൽ എത്തിയിട്ടുണ്ട്. പ്രവിശ്യകളിൽ ആൽബർട്ടയിലാണ് ഏറ്റവും വലിയ കുറവ് (4.4 ശതമാനം) രേഖപ്പെടുത്തിയത്. ഒന്റാരിയോ, ബി സി തുടങ്ങിയ ഇടങ്ങളിലും സമാനമായ കുറവുണ്ടായപ്പോൾ സസ്കാച്വാൻ പ്രവിശ്യയിൽ വാടക നിരക്ക് 3.3 ശതമാനം വർധിക്കുകയാണുണ്ടായത്. നഗരങ്ങളിലെ വാണിജ്യ കെട്ടിടങ്ങൾ താമസയോഗ്യമായ അപ്പാർട്ട്മെന്റുകളാക്കി മാറ്റുന്നതും പുതിയ സോണിങ് നിയമങ്ങൾ വഴി കൂടുതൽ യൂണിറ്റുകൾ ലഭ്യമാകുന്നതുമാണ് വാടക കുറയാൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
