ഓട്ടവ: കാനഡയിലെ ആശുപത്രികളിലെ എമർജൻസി റൂമുകൾ രോഗികളെക്കൊണ്ട് നിറഞ്ഞു കവിയുമ്പോൾ ആരോഗ്യമേഖല പ്രതിസന്ധിയിലെന്ന് ആരോഗ്യവിദഗ്ദ്ധർ. ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തുനിൽക്കുന്നതിനിടെ രോഗികൾ മരണപ്പെടുന്നത് തന്നെ ദയനീവാസ്ഥ തുറന്നു കാട്ടുന്നതായി കാനഡയിലെ മെഡിക്കൽ അസോസിയേഷൻ (CMA) പ്രസിഡന്റ് ഡോ. മാർഗരറ്റ് ബർണൽ ചൂണ്ടിക്കാട്ടി. വിനിപെഗിലെ ആശുപത്രികളിൽ ഡോക്ടറെ കാണാൻ 20 മണിക്കൂർ വരെയാണ് കാത്തിരിക്കേണ്ടി വരുന്നത്. ഓട്ടവയിലെ കുട്ടികളുടെ ആശുപത്രിയിൽ പോലും 15 മണിക്കൂറിലധികം കാത്തിരിക്കണമെന്ന് കണക്കുകൾ പറയുന്നു. രോഗികളെ കിടത്താൻ സ്ഥലമില്ലാത്തതിനാൽ ആശുപത്രികളിലെ ഇടനാഴികളിലും, സ്റ്റോർ റൂമുകളിലും, സ്ട്രെച്ചറുകൾ നിരത്തിയാണ് ഇപ്പോൾ ചികിത്സ നൽകുന്നത്. വികസിത രാജ്യങ്ങളുടെ ശരാശരിയേക്കാൾ വളരെ കുറവാണ് കാനഡയിലെ ആശുപത്രി കിടക്കകളുടെ എണ്ണം (1000 പേർക്ക് 2.5 കിടക്കകൾ മാത്രം). ഏകദേശം 58 ലക്ഷം പേർക്ക് സ്വന്തമായി ഫാമിലി ഡോക്ടർമാരില്ല. പ്രായമായവരുടെ എണ്ണം കൂടുന്നതും അവരുടെ രോഗങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതും ആരോഗ്യസംവിധാനത്തിന് മേലുള്ള സമ്മർദ്ദം കൂട്ടും. ആശുപത്രികളിൽ നിന്ന് മാറാൻ കഴിയുന്നവർക്ക് പരിചരണം നൽകാൻ നഴ്സിംഗ് ഹോമുകളിലോ കമ്മ്യൂണിറ്റി സെന്ററുകളിലോ സ്ഥലമില്ലാത്തതിനാൽ അവർ ആഴ്ചകളോളം ആശുപത്രി കിടക്കകളിൽ തുടരേണ്ടി വരേണ്ട അവസ്ഥയുമുണ്ട്.

ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ആൽബർട്ടയിലെ ഡോക്ടർമാർ പ്രവിശ്യയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, ആശുപത്രി കിടക്കകൾ വർദ്ധിപ്പിക്കുക, നഴ്സിംഗ് ഹോമുകളുടെ എണ്ണം കൂട്ടുക എന്നിവയാണ് ഏക പോംവഴിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 12 വർഷത്തെ എന്റെ കരിയറിൽ ഡോക്ടർമാരുടെ മനോവീര്യം ഇത്രയധികം തകർന്ന മറ്റൊരു കാലമില്ല. നമ്മൾ ഈ ദുരവസ്ഥയെ ന്യൂ നോർമലയായി പരിഗണിക്കരുതെന്നും എത്രയും വേഗം തിരുത്തൽ വേണമെന്നും എമർജൻസി ഫിസിഷ്യനായ ഡോ. മൈക്കൽ ഹെർമൻ പറഞ്ഞു.
