Friday, March 13, 2026

സഞ്ജുവിന്റെ പ്രൊമോയും നിയമക്കുരുക്കിൽ; ചെന്നൈ സൂപ്പർകിങ്സിനെതിരേ സൺ നെറ്റ്‌വർക്ക്‌ ഹൈക്കോടതിയിൽ

ചെന്നൈ: പാട്ടുമായി ബന്ധപ്പെട്ട്‌ വിവാദങ്ങൾ പതിവായ തമിഴ്‌നാട്ടിൽ നിന്നും വീണ്ടും ഒരു പകർപ്പവകാശത്തർക്കം. തമിഴിലെ പ്രശസ്ത മാധ്യമഗ്രൂപ്പായ സൺ ടിവി നെറ്റ്‌വർക്ക് ആണ്‌ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്‌. സിഎസ്‌കെ പ്രൊമോ വീഡിയോകളിൽ ‘ജയിലർ’, ‘കൂലി’, ‘ജയിലർ 2’ എന്നീ ചിത്രങ്ങളിലെ ഗാനത്തിൻ്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചതിലാണ്‌ തർക്കം. രജനീകാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ടീമിന്റെ പ്രൊമോകളിൽ ഉപയോഗിക്കുന്നതിനെതിരേയാണ് ഹർജി നൽകിയത്‌. ചിത്രം നിർമിച്ചത്‌ സൺ നെറ്റ്‌വർക്കിന് കീഴിലുള്ള സൺ പിക്‌ചേഴ്‌സ് ആണ്. പാട്ടിന്റെ പകർപ്പവകാശം തങ്ങൾക്കാണെന്ന് കാണിച്ചാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. സൂപ്പർ കിങ്‌സിൻ്റെ നായകൻ എം.എസ്. ധോനിയുടേയും, രാജസ്ഥാൻ റോയൽസിൽനിന്ന് വന്ന മലയാളി താരം സഞ്ജു സാംസണിന്റേയും പ്രൊമോ റീലുകളിലാണ് പാട്ടുകളുള്ളത്‌. ‘ജയിലറി’ലെ ഹുക്കും സോങ് ആയിരുന്നു സഞ്ജുവിനെ ടീമിലേക്ക് സ്വാഗതം ചെയ്യാൻ ഉപയോഗിച്ചത്‌.

കേസ് വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പാട്ടുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ്‌ ഹർജിയിലെ ആവശ്യം. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്‌. എന്നാൽ ഇനി മൂന്ന് ചിത്രങ്ങളിലേയും പാട്ടുകൾ ഉപയോഗിക്കില്ലെന്ന് ചെന്നൈ സൂപ്പർകിങ്‌സിന് വേണ്ടി അഡ്വ. പി.എസ്. രാമൻ കോടതിയെ അറിയിച്ചു. കഴിഞ്ഞ മൂന്നുവർഷമായി ഗാനശകലങ്ങൾ ഉപയോഗിച്ചിരുന്നു. അപ്പോഴൊന്നും ഹർജിക്കാർ എതിർപ്പ്‌ പറഞ്ഞിട്ടില്ല. ഇപ്പോൾ എതിർപ്പ്‌ ഉന്നയിച്ച സാഹചര്യത്തിൽ പാട്ടുകൾ ഉപയോഗിക്കില്ലെന്നും ടീമിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന്‌ ടീമിനോട് കോടതി ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!