വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി ആക്രമണത്തിൽ പരുക്കേറ്റ് വിരൂപനാക്കപ്പെട്ട നിലയിലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ടെഹ്റാനിൽ യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണങ്ങൾ ഇറാന്റെ ആയുധ നിർമ്മാണ ശേഷിയെ പൂർണ്ണമായും തകർത്തെന്നും അദ്ദേഹം അവകാശപ്പെട്ടു. വെള്ളിയാഴ്ച പെന്റഗണിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹെഗ്സെത്ത് നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ മുൻ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ചുമതലയേറ്റ മകൻ മുജ്തബ ഖമേനിക്കും അന്ന് പരിക്കേറ്റതായി ഹെഗ്സെത്ത് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ ഒളിവിലാണെന്നും ശബ്ദസന്ദേശമോ വീഡിയോയോ പുറത്തുവിടാൻ കഴിയാത്തത്ര ദയനീയമായ ശാരീരിക അവസ്ഥയിലാണെന്നും യുഎസ് ആരോപിക്കുന്നു. ഇറാന്റെ മിസൈലുകളും ഡ്രോണുകളും നിർമ്മിക്കുന്ന പ്രധാന കേന്ദ്രങ്ങൾ ആക്രമണത്തിൽ തകർന്നു.

ആയുധങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതിക ശേഷി 90 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോർട്ട്.വെള്ളിയാഴ്ച മാത്രം 1,000-ലധികം ലക്ഷ്യസ്ഥാനങ്ങളിൽ സഖ്യസേന ആക്രമണം നടത്തി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടതായും യുഎസ് അവകാശപ്പെടുന്നു. ഇറാന്റെ ഭരണകൂടം ഇപ്പോൾ എലികളെപ്പോലെ മാളങ്ങളിൽ ഒളിച്ചിരിക്കുകയാണെന്നും ആര് ഭരിക്കുന്നു എന്ന് അവർക്ക് പോലും അറിയില്ലെന്നും ഹെഗ്സെത്ത് പരിഹസിച്ചു. അതേ സമയം പുതിയ നേതാവിന് നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നുണ്ടെന്നുമാണ് ഇറാൻ മാധ്യമങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ മുജ്തബ ഖമേനി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
