നയാഗ്ര ഫാൾസ്: നയാഗ്ര മേഖലയിൽ താമസിക്കുന്നവർക്കും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്കുമായി സന്തോഷകരമായ ഒരു വാർത്ത. നയാഗ്ര യാത്ര കുറേക്കൂടി എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണ് ഏറെ ആശ്വാസകരമായ പുതിയ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. നയാഗ്ര ഡിസ്ട്രിക്റ്റ് എയർപോർട്ടിനെ ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എയർ കാനഡയുടെ ലക്ഷ്വറി മോട്ടോർകോച്ച് സർവീസ് 2026 ജൂൺ 15 നാണ് ആരംഭിക്കുന്നത്. എയർ കാനഡയും ദി ലാൻഡ്‌ലൈൻ കമ്പനിയും ചേർന്നാണ് ഈ സേവനം ഒരുക്കുന്നത്. ഇതൊരു സാധാരണ ബസ് സർവീസ് അല്ല, മറിച്ച് വിമാനയാത്രയുടെ ഭാഗമായി തന്നെയുള്ള ഒരു ലിങ്ക് സർവീസാണ്.

നയാഗ്ര ഡിസ്ട്രിക്റ്റ് എയർപോർട്ടിൽ (YCM) നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടൊറന്റോ പേഴ്സൺ എയർപോർട്ടിലേക്ക് ഈ ലക്ഷ്വറി ബസ്സിൽ എത്താം. അവിടെ നിന്ന് എയർ കാനഡയുടെ ലോകമെമ്പാടുമുള്ള വിമാനങ്ങളിലേക്ക് നേരിട്ട് കണക്ഷൻ ലഭിക്കും. യാത്രക്കാർക്ക് നയാഗ്ര എയർപോർട്ടിൽ തന്നെ തങ്ങളുടെ ബാഗുകൾ ചെക്ക്-ഇൻ ചെയ്യാനും ബോർഡിംഗ് പാസ് കൈപ്പറ്റാനും സാധിക്കുന്ന രീതിയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബാഗുകൾ നേരിട്ട് ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തും. ഇതിനോടൊപ്പം നയാഗ്ര ഡിസ്ട്രിക്റ്റ് എയർപോർട്ടിൽ യാത്രക്കാർക്ക് സൗജന്യ പാർക്കിംഗ് സൗകര്യവും ലഭിക്കും. ടൊറന്റോയിലെ പാർക്കിംഗ് ചെലവും ട്രാഫിക്കും ഒഴിവാക്കാൻ ഇത് സഹായിക്കും.ജോൺ സി. മൺറോ ഹാമിൽട്ടൺ ഇന്റർനാഷണൽ എയർപോർട്ട്, റീജിയൺ ഓഫ് വാട്ടർലൂ ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്ന് ടൊറന്റോ പേഴ്സൺ എയർപോർട്ടിലേക്ക് ദിവസവും 6 സർവീസുകൾ വീതമുണ്ടാകും. യാത്രക്കാർക്ക് ബസ് യാത്രയും വിമാന യാത്രയും ഉൾപ്പെടുന്ന ഒരു സിംഗിൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.

ഉയർന്ന വേഗതയുള്ള വൈഫൈ, പവർ ഔട്ട്‌ലെറ്റുകൾ, മികച്ച ലെഗ്-റൂമുള്ള ലെതർ സീറ്റുകൾ എന്നിവ ബസ്സിലുണ്ടാകും. മാർച്ച് 12 മുതൽ സർവീസിനുള്ള ബുക്കിംഗ് തുടങ്ങി. aircanada.com വഴിയോ ആപ്പ് വഴിയോ നയാഗ്ര (YCM) എന്ന് സെർച്ച് ചെയ്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നയാഗ്രയിൽ നിന്ന് ദിവസവും മൂന്ന് തവണ വീതം ഇരുദിശകളിലേക്കും സർവീസ് ഉണ്ടാകും. യാത്രക്കാർ കാത്തിരുന്ന ഈ പുതിയ സർവീസ് നയാഗ്രയിലെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്ന് നയാഗ്ര ഫാൾസ് മേയർ ജിം ഡയോഡാറ്റി പറഞ്ഞു. വിദേശത്തുനിന്നും എത്തുന്ന വിനോദസഞ്ചാരികൾക്ക് രികൾക്ക് ടൊറന്റോയിലെത്തി നേരിട്ട് നയാഗ്രയിലെ ഹോട്ടലുകളിലേക്ക് വന്നുചേരാൻ ഈ സർവീസ് സഹായിക്കും. നയാഗ്ര നിവാസികൾക്ക് ഇനി അധികം സമയമെടുക്കാതെ തങ്ങളുടെ എയർ കാനഡ യാത്ര ആരംഭിക്കാമെന്നും. ഇത് നയാഗ്രയെ ഒരു പ്രധാന ഗേറ്റ്‌വേയായി മാറ്റാൻ സഹായിക്കുമെന്നും മേയർ മാറ്റ് സിസ്‌കോ വ്യക്തമാക്കി.
