ബെംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ‘നാവിക്’ (NavIC) ഗതിനിര്‍ണ്ണയ സംവിധാനത്തിലെ നിര്‍ണ്ണായകമായ ഒരു ഉപഗ്രഹം കൂടി പ്രവര്‍ത്തനരഹിതമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2016 മാര്‍ച്ചില്‍ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ്-1എഫ് (IRNSS-1F) ഉപഗ്രഹത്തിലെ റുബീഡിയം ആറ്റോമിക് ക്ലോക്ക് ഇന്നലെ നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. പത്തു വര്‍ഷത്തെ കാലാവധി നിശ്ചയിച്ചിരുന്ന ഈ ഉപഗ്രഹം അപ്രതീക്ഷിതമായി പ്രവര്‍ത്തനരഹിതമായത് നാവിക് ശൃംഖലയുടെ പ്രവര്‍ത്തനക്ഷമതയെ ബാധിച്ചേക്കാം. ഗതിനിര്‍ണ്ണയ സേവനങ്ങള്‍ കൃത്യമായി ലഭിക്കാന്‍ ചുരുങ്ങിയത് നാല് ഉപഗ്രഹങ്ങളെങ്കിലും ഒരേസമയം പ്രവര്‍ത്തനക്ഷമമായിരിക്കണം എന്നിരിക്കെ, നിലവില്‍ മൂന്ന് ഉപഗ്രഹങ്ങള്‍ മാത്രമാണ് ആ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.
അമേരിക്കയുടെ ജിപിഎസിന് ബദലായി ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത നാവിക് സംവിധാനം, ജിപിഎസിനേക്കാള്‍ കൃത്യതയുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതിനൊപ്പം രാജ്യത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് 1500 കിലോമീറ്റര്‍ വരെ ഇതിന്റെ സേവനം ലഭ്യമാണ്. യുദ്ധസാഹചര്യങ്ങളിലും മറ്റും വിദേശ രാജ്യങ്ങളുടെ ജിപിഎസ് സേവനം തടസ്സപ്പെട്ടാലും ഇന്ത്യക്ക് സ്വന്തം സംവിധാനം ഉപയോഗിച്ച് തന്ത്രപരമായ നീക്കങ്ങള്‍ നടത്താമെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ശേഷിയുള്ള എന്‍.വി.എസ് (NVS) ശ്രേണിയിലുള്ള അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഇതില്‍ എന്‍.വി.എസ്-01 വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചിരുന്നു. തകരാറിലായ ഉപഗ്രഹങ്ങള്‍ക്ക് പകരമായി പുതിയവ വിക്ഷേപിച്ച് നാവിക് സംവിധാനത്തെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചു കഴിഞ്ഞു.
