വാഷിങ്ടൺ : ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള ശ്രമം ആരംഭിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് അടച്ചിടൽ ബാധിച്ച രാജ്യങ്ങൾ കടലിടുക്ക് തുറക്കാനും സുരക്ഷിതമാക്കാനും യുദ്ധക്കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, തുടങ്ങിയ രാജ്യങ്ങളെ ഹോർമുസ് അടച്ചത് ബാധിക്കുന്നുണ്ട്. അവർ കടലിടുക്കിലേക്ക് കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുവഴി ഹോർമുസ് കടലിടുക്ക് പൂർണമായും ദുർബലമായ ഒരു രാജ്യത്തിന്റെ ഭീഷണിയിൽ നിന്ന് മോചിതമാകുമെന്നും ട്രംപ് അറിയിച്ചു.
എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെയാണ് യുഎസ് നീക്കം. ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എന്നാൽ അടുത്തതായി എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പേർഷ്യൻ ഗൾഫ് കടലിൽ ഇറാൻ തീരത്തുനിന്ന് 25 കിലോമീറ്ററിലധികം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്‍റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്.

